മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണ് കേരള ബ്ലാസ്റ്റേഴ്സിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഒടുവില്‍ ബ്ലാസ്റ്റേഴ്സിനെ ഒരു സന്തോഷ വാര്‍ത്ത തേടിയെത്തി. ഈ സീസണിലെ എമര്‍ജിങ്ങ് പ്ലെയറായി തെരഞ്ഞെടുത്തത് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദിനെയാണ്. ഈ സീസണില്‍ 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ സഹല്‍ ഒരു ഗോള്‍ നേടിയിരുന്നു. മുംബൈയില്‍ ബംഗളൂരു ഗോവ ഫൈനലിന് ശേഷം നടന്ന ചടങ്ങില്‍ നിത അംബാനിയാണ് സഹലിന് പുരസ്കാരം സമ്മാനിച്ചത്. സമ്മാനത്തുക രണ്ടര ലക്ഷം രൂപയാണ്.
സഹല്‍ കണ്ണൂര്‍ സ്വദേശിയാണ്. സികെ വിനീതിനെ പോലെ തന്നെ കണ്ണൂര്‍ എസ്എന്‍ കോളേജിലൂടെ വളര്‍ന്നുവന്ന താരമാണ് സഹലും. സന്തോഷ് ട്രോഫിയിലും കേരളത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട് സഹല്‍. മധ്യനിരയില്‍ മുന്‍ ജര്‍മന്‍ താരം മെസ്യുട്ട് ഓസിലിനെ അനുസ്മരിപ്പിക്കുന്ന സാന്നിധ്യമാണ് സഹല്‍. അതുകൊണ്ടുതന്നെ കേരള ഓസില്‍ എന്നാണ് താരത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിംഗാനായിരുന്നു ഐഎസ്എല്‍ ആദ്യ സീസണില്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്കാരം നേടിയത്.
മുംബൈ ഫുട്ബോള്‍ അറീനയില്‍ നടന്ന ഫൈനലില്‍ എഫ്സി ഗോവയെ 118ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ മറികടന്ന ബംഗളൂരു എഫ്സി ഐഎസ്എല്ലില്‍ കന്നിക്കിരീടം നേടി.