മുംബൈ: സ്വീഡിഷ് കമ്പനിയായ എറിക്സണ് കൊടുക്കാനുള്ള 462 കോടി രൂപയും അനില്‍ അംബാനി നല്കി. കൊടുക്കാനുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ റിലയന്‍സിന് സുപ്രീം കോടതി നല്കിയ സമയപരിധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് മുഴുവന്‍ രൂപയും അനില്‍ അംബാനി നല്‍കിയത്.
മാര്‍ച്ച് 19നു മുമ്പ് കുടിശ്ശിക കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി നല്കിയ സമയ പരിധി നാളെ തീരുന്ന അവസരത്തില്‍ ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അംബാനി കുടിശ്ശിക കൊടുത്ത് തീര്‍ത്തത്.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എറിക്സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്. ഇതോട് കൂടി കരാര്‍ പ്രകാരമുള്ള 580 കോടിയും അംബാനി എറിക്സണ് നല്കി. 462 കോടിയില്‍ 3 കോടി രൂപ പിഴ പലിശയാണ്. ഇത് സുപ്രീംകോടതി രജിസ്ട്രി വഴിയാണ് നല്‍കേണ്ടത്. ബാക്കി വരുന്ന 458.77 കോടി രൂപ റിലയന്‍സ് എറിക്സണ് നേരിട്ട് നല്കി.