തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനങ്ങളില്‍ കുതിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ഇത്തരക്കാരെ പിടികൂടാനായി അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ അധികൃതര്‍ നടപടിക്ക് ഒരുങ്ങുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കാനും നിരത്തുകളിലെ കുറ്റകൃത്യം തടയാനുമായി പ്രധാന റോഡുകളില്‍ 780 അത്യാധുനിക ക്യാമറകള്‍ സ്ഥാപിക്കും.
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറ, റഡാര്‍ ബെയ്സ്ഡ് ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെന്റ്, റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍, സമാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിക്കുക. രാജ്യത്ത് ആദ്യമായാണ് റോഡുകളില്‍ നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ സ്ഥാപിക്കുന്നത്.
കൂടാതെ റോഡ് നിയമങ്ങള്‍ ലംഘിച്ച് ചീറിപ്പായുന്നവരെ പിടികൂടാന്‍ റഡാറും ക്യാമറയും ഘടിപ്പിച്ച പ്രത്യേകവാഹനം ഇനിമുതല്‍ റോഡരികിലുമുണ്ടാകും. ഇത് വാഹനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തിയെടുക്കും. ഉടന്‍ തന്നെ പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമിലെത്തിക്കും. വെഹിക്കിള്‍ മൗണ്ടഡ് റഡാര്‍ ബെയ്സ്ഡ് എന്‍ഫോഴ്സ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഇത്തരം 60 വാഹനം ഉടന്‍ നിരത്തിലിറങ്ങും.