മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് 14,034 കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെയാണ് 32 ശതമാനം കര്‍ഷകരും ജീവിതം അവസാനിപ്പിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2017 ജൂണ്‍ 27 ന് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിന് പിന്നാലെ ജീവനൊടുക്കിയത് 4500 പേരാണ്. 2017 ല്‍ 89 ലക്ഷം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് 34,022 കോടിയുടെ കാര്‍ഷിക കടാശ്വാസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ കാര്‍ഷിക കടാശ്വാസവും കര്‍ഷകര്‍ക്ക് തുണയായില്ല. 2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് 1755 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2018 ല്‍ ജീവിതമവസാനിപ്പിച്ചത് 2,761 കര്‍ഷകരാണ്. അതായത് ഒരു ദിവസം എട്ടുപേര്‍ ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2011 ജനുവരി മുതല്‍ 2014 ഡിസംബര്‍ വരെയുള്ള കാലത്ത് ആത്മഹത്യ ചെയ്തത് 6,268 കര്‍ഷകരാണ്. 2015 മുതല്‍ 2018 വരെയുള്ള കാലത്ത് ഇത് 11,995 ആയി വര്‍ധിച്ചുവെന്ന് വിവരാവകാശ പ്രകാരമുള്ള രേഖകളില്‍ വ്യക്തമാക്കുന്നു.