പിയാനോയില്‍ അത്ഭുതം തീര്‍ത്ത് ലോകത്തെ വിസ്മയിപ്പിച്ച് ലിഡിയന് നാദസ്വരം എന്ന പതിമൂന്നുകാരന്. വിഖ്യാത സംഗീത റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ വിജയിയായി 7 കോടി രൂപ സമ്മാന തുക നേടിയിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള ലിഡിയന്. ലിഡിയന് റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് ഫൈനലില്‍ സൗത്ത് കൊറിയയില്‍ നിന്നുള്ള കുക്കിവോണ്‍ ത്വയ്ക്കോണ്ടോ മാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാണ്. ലിഡിയന് എആര്‍ റഹ്മാന് ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയിലെ വിദ്യാര്‍ത്ഥിയായിരുന്നു.
This is genuinely one of the best things I’ve ever seen live. pic.twitter.com/FY5LH6vxfI
— James Corden (@JKCorden) February 8, 2019
പിയാനോ സംഗീതജ്ഞര്‍ക്ക് എന്നും ഒരു അത്ഭുതമാണ് നിക്കോളായ് റിംസ്കി കൊറാസ്കോവിന്റെ ഫ്ലൈറ്റ് ഓഫ് ദി ബംബിള്‍ബീ. ഇത് സവിശേഷമായ കീ പാറ്റേണും നോട്ടുകളും കാരണം ഏത് മികച്ച പിയാനിസ്റ്റിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ദി ടെയ്ല് ഓഫ് സാര്‍ സാല്ട്ടന് എന്ന ഓപ്പറയ്ക്കുവേണ്ടിയാണ് 1899ല്‍ നിക്കോളായ് ഈ ഓര്‍ക്കസ്ട്രല്‍ ഇന്റര്‍ലൂഡ് ഒരുക്കിയത്.
പക്ഷേ വിരല്‍ കൊണ്ട് ഇന്ദ്രജാലം കാട്ടിയിരിക്കുകയാണ് ലിഡിയന്. ഈ കുഞ്ഞു സംഗീതജ്ഞന്റെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകത്തെ മുന്‍നിര സംഗീതജ്ഞരും സംഗീതാസ്വാദകരുമെല്ലാം. ഷോയുടെ വിധികര്‍ത്താക്കളായ ഡ്ര്യു ബാരിമോറും ഫെയ്ത്ത് ഹില്ലും റുപോളും പോലും കണ്ണടയ്ക്കാതെ നോക്കിയിരിക്കുകയായിരുന്നു. മകന്റെ വിസ്മയ പ്രകടനം കണ്ട് അച്ഛന് സതീഷ് വര്‍ഷന്‍ കണ്ണീര് പൊഴിക്കുകയായിരുന്നു.
ആദ്യം ബംബിള്‍ബീ സാധാരണനിലയില്‍ വായിച്ച ലിഡിയന് പിന്നീട് മിനിറ്റില്‍ 208 ബീറ്റിലേയ്ക്കാക്കാന്‍ വിധികര്‍ത്താക്കളോട് ആവശ്യപ്പെട്ടു. അതു കഴിഞ്ഞ് ബീറ്റ് സ്പീഡ് 325 ആക്കി ഉയര്‍ത്തിയപ്പോഴും പിയാനോ തകര്‍ത്ത് വായിക്കുകയായിരുന്നു ലിഡിയന്. ഈ അത്ഭുത പ്രകടനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ഷോയുടെ അവതാരകനായ ജെയിംസ് കോര്ഡന് തന്നെയാണ്.
ലിഡിയന്റെ സംഗീതം പിയാനോയില്‍ മാത്രം ഒതുങ്ങുന്നില്ല. ഗിറ്റാറും മൃദംഗവും തബലയും ഗഞ്ചിറയും അടക്കം പതിനാല് സംഗീതോപകരണങ്ങള്‍ ഈ കുഞ്ഞു സംഗീതജ്ഞന് വായിക്കും. തന്റെ സംഗീതസപര്യ ലോകത്തെ അറിയിക്കാന്‍ സ്വന്തമായൊരു യൂ ട്യൂബ് ചാനലുമുണ്ട് ലിഡിയന്.