സെക്കന്റില്‍ നാല് മീറ്റര്‍ വേഗമുള്ള ചിലന്തി. തന്റെ വലയൊരു തെറ്റാലിയാക്കി സ്വയം ഇരയ്ക്കടുത്തേക്ക് പറക്കുകയാണ് ഇതിന്റെ രീതി. സ്ലിങ്ങ് ഷോട്ട് ചിലന്തി അഥവാ കവണ ചിലന്തി എന്നാണ് ഇതിന്റെ പേര്. അതിവേഗ ക്യാമറ ഉപയോഗിച്ച് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ ചിലന്തിയുടെ ചലനം പകര്‍ത്തിയത്.
ചീറ്റപ്പുലിയുടെ ത്വരണ വേഗം സെക്കന്റ് സ്ക്വയറില്‍ വെറും 13 മീറ്ററാണ്. എന്നാല്‍ സ്ലിങ്ങ്ഷോട്ട് ചിലന്തിയ്ക്കുള്ളത് സെക്കന്റ് സ്ക്വയറില്‍ 1,100 മീറ്റര്‍ ത്വരണ വേഗതയാണ്.
ഈ കണ്ടെത്തല്‍ പ്രകാരം ചിലന്തി വര്‍ഗ്ഗത്തില്‍ ഏറ്റവും വേഗമേറിയത് സ്ലിങ്ങ്ഷോട്ട് ചിലന്തിയ്ക്കാണ്. പുതിയ കണക്കുകള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ മോറോക്കന്‍ ഫ്ലിക്ഫ്ലാക്ക് ( സെക്കന്റില്‍ രണ്ട് മീറ്റര്‍) പോലുള്ള ചിലന്തികള്‍ വേഗതയുടെ കാര്യത്തില്‍ സ്ലിങ്ങ് ഷോട്ട് ചിലന്തിയേക്കാള്‍ പിന്നിലാണ്.
ഗവേഷകര്‍ ചിലന്തി വേഗത്തെ കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അടുത്തിടെ നടന്ന അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി യോഗത്തിലാണ്. പെറുവിയന്‍ ആമസോണ്‍ മേഖലയിലാണ് ഇത്തരം ചിലന്തികള്‍ കണ്ടുവരുന്നത്.
ഇവ കോണ്‍ ആകൃതിയിലുള്ള വലയാണ് നെയ്യുന്നത്. അതിന്റെ കോണില്‍ നിന്നും ഒരു നൂല് അടുത്തുള്ള മരച്ചില്ലകളില്‍ ബന്ധിപ്പിച്ചിട്ടുണ്ടാവും. ഈ നൂല് വലിച്ച് വിട്ടാണ് ചിലന്തി പറക്കുന്നത്. എന്നിട്ട് ഇരയ്ക്കുമേല്‍ പറ്റിപിടിക്കുകയും അവയെ ഭക്ഷണമാക്കുകയും ചെയ്യും.