കൊല്‍ക്കത്ത: ആയിരംകിലോ സ്ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന മിനിലോറി പോലീസ് പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍ വെച്ചാണ് കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘം വാഹനം പിടികൂടിയത്. 27 ചാക്കുകളിലായാണ് സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍നിന്ന് നോര്‍ത്ത് 24 പര്‍ഗനാസിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് പോലീസ് പിടികൂടിയത്. പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളായിരുന്നു ഇതില്‍ സൂക്ഷിച്ചിരുന്നത്.
സ്ഫോടക വസ്തുക്കളുമായി വാഹനം വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് പിടികൂടാനായി പോലീസിന്റെ പ്രത്യേകദൗത്യസംഘം സജ്ജമാകുകയായിരുന്നു. താലാ പാലത്തില്‍ വെച്ച് വാഹനത്തെ തടഞ്ഞുനിര്‍ത്തിയ സംഘം സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഒഡീഷ സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.