ന്യൂഡല്‍ഹി: ബലാക്കോട്ട് ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പലരും പല കണക്ക് പറയുന്നതിനാലാണ് താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില മന്ത്രിമാര്‍ പറയുന്നു 300 പേരാണ് കൊല്ലപ്പെട്ടതെന്ന്, ബിജെപി വാര്‍ത്താക്കുറിപ്പില്‍ അത് 250 ആയി. യോഗി ആദിത്യനാഥ് പറഞ്ഞത് 400 പേര് കൊല്ലപ്പെട്ടു എന്നാണ്. എസ്എസ് അലുവാലിയ പറയുന്നു ആരും കൊല്ലപ്പെട്ടിട്ടിട്ടില്ലെന്ന്. ഇതില്‍ ഏതാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടത്- അദ്ദേഹം ചോദിച്ചു. ഈ സാഹചര്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാരും വ്യോമസേനയും ഉത്തരം നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടത്. നാനാ ഭാഗത്തുനിന്നും ചോദ്യങ്ങളും സംശയങ്ങളും ഉയരുമ്പോള്‍ ഉത്തരം നല്കാന് കേന്ദ്ര സര്‍ക്കാരും വ്യോമസേനയും ബാധ്യസ്ഥരാണെന്നും ദിഗ്വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു. നേരത്തെയും ഇതെ ആവശ്യം ദിഗ്വിജയ് സിംഗ് ചോദിച്ചിരുന്നു.
അതിനിടെ എത്ര പേര് കൊല്ലപ്പെട്ടെന്ന കണക്ക് കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രംഗത്ത് വന്നിരുന്നു. ബലാക്കോട് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ പലരും പല അഭിപ്രായങ്ങല്‍ പറയുന്ന പശ്ചാത്തലത്തിലാണ് കണക്ക് വ്യക്തമാക്കണമെന്ന് ദിഗ്വിജയ് സിംഗ് ആവര്‍ത്തിച്ചിരിക്കുന്നത്.