ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ ശക്തമാക്കാന്‍ ബിസിഎഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷ കര്‍ശനമാക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസ് കമ്പനികളുടെയും സുരക്ഷാ മേധാവികള്‍, പോലീസ്-സിഐഎസ്എഫ് അധികൃതര്‍ എന്നിര്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നോട്ടീസ് അയച്ചു.
ഭീകരവാദവിരുദ്ധ നടപടിക്രമങ്ങള്‍ ശക്തമാക്കാനും സിഐഎസ്എഫിന്റെ ഭാഗമായ ദ്രുതകര്‍മ സേനയെ വിന്യസിക്കാനും ബിസിഎഎസ് നിര്‍ദേശിക്കുന്നു. രാജ്യത്തെ എയര്‍ സ്ട്രിപ്പുകള്‍, ഹെലിപ്പാഡുകള്, വ്യോമയാന പരിശീലനസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിമാനത്താവളം സന്ദര്‍ശിക്കുന്നവരെ നിയന്ത്രിക്കണം, യാത്രികരുടെയും ജീവനക്കാരുടെയും പരിശോധന ഉറപ്പാക്കണം, പാര്‍ക്കിങ് മേഖലയിലെ വാഹന പരിശോധന ശക്തമാക്കണം എന്നിങ്ങനെ 20 അധിക സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ബിസിഎഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.