ലാഹോര്‍: കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. കശ്മീര്‍ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്നപരിഹാരം. തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയില്ലെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന പൈലറ്റ് അഭിനന്ദന് വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന് ഖാന് സമാധാനത്തിന്റെ നോബല്‍ സമ്മാനം നല്‍കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന് വ്യാപകമായിരുന്നു. തുടര്‍ന്ന് ഇമ്രാന് ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യവുമായി പാക് അസംബ്ലിയില്‍ പ്രമേയവും വെച്ചിരുന്നു. പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.
കൂടാതെ നോബല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2,00,000 പേര് ഒപ്പിട്ട കത്തും തയാറാക്കിയിട്ടുണ്ട്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള നടപടികളാണ് ഇമ്രാന് ഖാന് സ്വീകരിച്ചതെന്നാണ് പാക് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.