ആലുവ: ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി. മണപ്പുറത്തെത്തി ഉറക്കമിളച്ച് ശിവപഞ്ചാക്ഷരി മന്ത്രം ജപിച്ച വിശ്വാസികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബലി അര്‍പ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലധികം പേര് ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് കനത്ത സുരക്ഷയും സൗകര്യവും ഒരുക്കി. ശിവക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് നടക്കുന്ന ശിവരാത്രിവിളക്കോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ശിവക്ഷേത്രങ്ങളില്‍ വിശേഷാല്‍ പരിപാടികളും പ്രത്യേക പൂജകളും നടക്കും. ദേവസ്വം ബോര്‍ഡ് നിരവധി ബലിത്തറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറിലിധം പേര് കര്‍മികളും സഹായികളുമായി മണപ്പുറത്തുണ്ടാകും. 75 രൂപയാണ് ബലിതര്‍പ്പണം നടത്തുന്നതിന് ഫീസ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ബലി അര്‍പ്പിച്ച് വിശ്വാസികള്‍ മടങ്ങിത്തുടങ്ങും. ചൊവ്വാഴ്ച പൂര്‍ണമായും കുംഭമാസത്തിലെ കറുത്തവാവായതിനാല്‍ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും തര്‍പ്പണം നടത്താന്‍ സാധിക്കും.