ന്യൂഡല്‍ഹി: നിര്‍മ്മാണമേഖലയ്ക്ക് തിരിച്ചടിയായി സിമെന്റ് വില വര്‍ധനവിന് പിന്നാലെ കമ്പി വിലക്കയറ്റവും. ഒരു ടണ്‍ കമ്പിക്ക് 1000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്പന്നങ്ങളുടെ വില ഇന്നലെ മുതല്‍ ഉയര്‍ത്തിയത്. രണ്ട് മാസത്തിനിടയില്‍ രണ്ടാം തവണയാണ് കമ്പി വിലയില്‍ മാറ്റമുണ്ടാകുന്നത്.
കഴിഞ്ഞ മാസം ആദ്യം ഒരു ടണ്‍ കമ്പിക്ക് 750രൂപ വീതം വില ഉയര്‍ത്തിയിരുന്നു. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പുറമെ വരും ദിവസങ്ങളില്‍ സ്വകാര്യ സ്റ്റീല്‍ നിര്‍മ്മാതാക്കളായ ടാറ്റ, എസ്സാര്‍, ജെഎസ്ഡബ്ല്യൂ, ജെഎസ്പിഎല്‍ തുടങ്ങിയവരും കമ്പി വില വര്‍ധിപ്പിച്ചേക്കാം.
ആഗോള തലത്തില്‍ കമ്പിവിലയില്‍ വര്‍ധനവുണ്ടായതിന് പിന്നാലെയാണ് 1000രൂപയുടെ വര്‍ധനവ്. ഒരു ടണ്‍ കമ്പിക്ക് 42,000രൂപ മുതല്‍ 44,000രൂപ വരെയാണ് ഇപ്പോള്‍ വില. ഇരുമ്പയിരിന്റെ വിലവര്‍ധനയും കമ്പി വില ഉയരാന്‍ കാരണമായെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒരു ടണ്‍ ഇരുമ്പയിരിന്റെ വില കഴിഞ്ഞ വര്‍ഷം 4899രൂപയായിരുന്നു. ഈ വര്‍ഷം അത് 6390ആയി ഉയര്‍ന്നു. വരുന്ന സാമ്പത്തിക വര്‍ഷം കമ്പിയുടെ ഗാര്‍ഹിക ഉപഭോഗത്തില്‍ 5.5ശതമാനം മുതല്‍ 7.5ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.