മുംബൈ: ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. എന്നാലിതാ ഇക്കാര്യത്തില്‍ തങ്ങളുടെ നായകനെ വെല്ലുന്ന ഒരാളെ കണ്ടെത്തിയിരിക്കുകയാണ് രോഹിത് ക്യാപ്റ്റനായ ഐപിഎല്‍ ടീം.
മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ലോകത്തിന് പരിചയപ്പെടുത്തിയത് ഏകദിനത്തില്‍ രോഹിത്തിന്റെ വ്യക്തിഗത നേട്ടം മറികടന്ന ഒരു കൊച്ചുതാരത്തെയാണ്. രോഹിത്തിന്റെ 264 റണ്‍സെന്ന നേട്ടം മറികടന്നത് അഭിനവ് സിങ്ങ് എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. മുംബൈ ഇന്ത്യന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ദിവസമായിരുന്നു അഭിനവിന്റെ ഈ പ്രകടനം. റിസ്വി സ്പ്രിംഗ്ഫീല്‍ഡ് സ്കൂളിനായി അഭിനവ് 265 റണ്‍സ് അടിച്ചെടുത്തു.
മുംബൈ ഇന്ത്യന്‍സ് അഭിനവിന്റെ ചിത്രം പങ്കുവച്ചത് രോഹിത്, നിങ്ങളുടെ 264 റണ്‍സ് മറികടന്ന താരത്തെ കണ്ടെത്തിയിരിക്കുന്നു എന്ന കുറിപ്പോടെയാണ്. ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റിലെ ഈ ബാറ്റിങ് പ്രകടനം അഭിനവിന് ദേശീയ ശ്രദ്ധയും നേടിക്കൊടുത്തിട്ടുണ്ട്. 2014 നവംബറില്‍ ശ്രീലങ്കയ്ക്കെതിരേയാണ് രോഹിത് 264 റണ്‍സടിച്ചത്.