ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജില്‍ പകല്‍ രോഗിയെന്ന വ്യാജേനെ കിടന്ന് രാത്രി മോഷണം നടത്തി കള്ളന് വിലസുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് കള്ളന് മോഷണത്തിനായുള്ള സുരക്ഷിതമായ മാര്‍ഗം കണ്ടെത്തിയത്. സംഭവം അധികാരികളെയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
മോഷണം നടത്താന്‍ സുരക്ഷിത ഇടമായാണ് കള്ളന് ആശുപത്രി തെരഞ്ഞെടുത്തത്. രേഖകള്‍ പ്രകാരം അഡ്മിറ്റായതിനാല്‍ നിയമനടപടികളിലും എളുപ്പത്തില്‍ രക്ഷ നേടാം. പൊതുപ്രവര്‍ത്തകന്റെ ബന്ധു കിടക്കുന്ന കട്ടിലിന് താഴെയായി ഇയാള്‍ കിടക്കുന്നുണ്ടായിരുന്നു. പകല്‍ മുഴുവന്‍ ഇയാള്‍ ഉറക്കമായിരുന്നു. ഉണരുമ്പോള്‍ ആരോടും സംസാരിക്കാറുമില്ല.
എന്നാല്‍ പകല്‍ മുഴുവന്‍ കണ്ടുവരുന്ന രോഗിയെ രണ്ടു ദിവസത്തെ നിരീക്ഷണത്തിനൊടുവില്‍ രാത്രികളില്‍ കാണാനില്ല എന്ന കാര്യം പൊതുപ്രവര്‍ത്തകന്റെ ശ്രദ്ധയില്‍പ്പെട്ടു. കൂടാതെ പുലര്‍ച്ചെ വരുമ്പോള്‍ വേഷവും ബാഗും മാറുന്നു എന്നും മനസ്സിലായി. സംശയം തോന്നിയ പൊതുപ്രവര്ത്തകന് സൗഹൃദഭാവത്തില്‍ ചോദിച്ചപ്പോള്‍ കാറ്റു കൊള്ളാന്‍ പുറത്തുപോവുകയാണന്നു പറഞ്ഞ് രോഗി ഒഴിവായി.
എന്നാല്‍ അതിനുശേഷം രോഗിയെ ആശുപത്രിയില്‍നിന്ന് കാണാതായി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് മറ്റു ചിലര്‍ പറഞ്ഞത്. ഇത്തരക്കാര്‍ വേറെയും ഉണ്ടെന്ന് പോലീസും രഹസ്യമായി സമ്മതിച്ചു.