തിരുവനന്തപുരം: അളവുതൂക്കത്തിലെ ക്രമക്കേട് തടയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ലീഗല്‍ മെട്രോളജി വകുപ്പ്. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാ ഘോഷങ്ങളുടെ ഭാഗമായാണ് ഹെല്‍പ്പലൈന്‍ സംവിധാനത്തിന് പുറമെ ‘സുതാര്യം’എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പും ലീഗല്‍ മെട്രോളജി വകുപ്പ് ഒരുക്കിയിരിക്കുന്നത്.
അളവുതൂക്കത്തിലെ ക്രമക്കേട് തടയുന്നതിന് പുറമെ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ‘സുതാര്യം’ആപ്പ് വഴിയൊരുക്കുന്നുണ്ട്. ആറ് മാസം മുമ്പാണ് ആപ്പ് നിലവില്‍ വന്നത്. ഉപയോക്താക്കള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ശേഷം പരാതി ഉന്നയിച്ചാല്‍ രണ്ട് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഇന്‍സ്പെക്ടിങ് അസിസ്റ്റന്റുമാര്‍, ഡ്രൈവര്‍ എന്നിവരടങ്ങിയ ഫ്ളയിങ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ച് നടപടിയെടുക്കും.
അതത് മേഖലകളിലെ ഫ്ളയിങ് സ്ക്വാഡുകള്‍ക്ക് ജിപിഎസ് സംവിധാനത്തിലൂടെ, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനെയും ഹെല്‍പ്പ്ലൈനിലൂടെയും ലഭിക്കുന്ന പരാതികള്‍ ലഭ്യമാകും. ഇതിനായി ലീഗല്‍മെട്രോളജി വകുപ്പിന്റെ വാഹനങ്ങളിലെല്ലാം ജിപിഎസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചയും ജില്ലയില്‍ മൂന്ന് സ്ക്വാഡുകള്‍ തിരുവനന്തപുരം വികാസ് ഭവനിലെ ലീഗല്‍ മെട്രോളജി കണ്ട്രോളര് ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അതത് മേഖലകളില്‍ പരിശോധന നടത്തും.