അഞ്ച് ക്യാമറകളുമായെത്തുന്ന ലോകത്തെ ആദ്യ സ്മാര്‍ട്ട്ഫോണായ നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ട്ഫോണ്‍ സോഫ്റ്റ് വെയറിന് ഫോണില്‍ ക്യാമറയിലെ ഒരോ ലെന്‍സിനേയും പ്രത്യേകം നിയന്ത്രിക്കാനാകുമെന്ന് നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച് എംഡി ഗ്ലോബല്‍ പറയുന്നു.
5 ക്യാമറ ഫോണിനൊപ്പം നോക്കിയ 210 ഫീച്ചര്‍ ഫോണും അവതരിപ്പിച്ചു. നോക്കിയ 4.2, നോക്കിയ, 3.2, നോക്കിയ 1 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. നോക്കിയ 9 പ്യുവര്‍ വ്യൂ സ്മാര്‍ട്ട്ഫോണിലെ ക്യാമറയ്ക്ക് 60 മെഗാപിക്സല്‍ മുതല്‍ 240 മെഗാപിക്സല്‍ വരെ വലിപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
മികച്ച ഡെപ്തുള്ള ചിത്രങ്ങളാവും ഇവയെന്നാണ് കമ്പനിയുടെ അവകാശവാദം. അഡോബി ലൈറ്റ് റൂം സൗകര്യവും ഫോണിലുണ്ടാവും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി ഫീച്ചറുകളുള്ള ക്യാമറ ആപ്ലിക്കേഷനാണ് ഫോണിലുണ്ടാവുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ആണ് നോക്കിയ 9 പ്യുവര്‍ വ്യുവില് ഉള്ളത്.
2കെ റസലൂഷനിലുള്ള സ്ക്രീനില്‍ നോച്ച് ഇല്ല. മുകളിലും താഴെയും ബെസലുകളുണ്ട്. 4കെ വീഡിയോ സൗകര്യമുള്ള ക്യാമറായണിതില് ഉള്ളത്. എന്നാല്‍ വീഡിയോ റെക്കോഡിങിന് ഒരു ക്യാമറ ലെന്‍സ് മാത്രമാണ് ഉപയോഗിക്കുക. അതേസമയം ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം ഫോണ്‍ ക്യാമറയില്‍ ഇല്ല.
എന്നാല്‍ വീഡിയോയ്ക്ക് വേണ്ടി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ സൗകര്യമുണ്ട്. സെയ്സ് (zeiss) ക്യാമറ ലെന്‍സുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് പൈ പതിപ്പാണ് ഫോണിലുള്ളത്. ഇതിന് ഏകദേശം 699 ഡോളര്‍ (49653.81 രൂപ) വില വരുമെന്നാണ് സൂചന.