പപ്പുവ ന്യൂഗിനിയ ദ്വീപിലെ ഹരിത വനങ്ങളുടെ ആഴങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷിയാണ് വനത്തിലെ ജ്വാല (Flame Bower Bird). കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പും മഞ്ഞയും ഓറഞ്ചും നിറമുള്ള ഈ ചെറിയ പക്ഷി ലോകത്തിലെ അതിസുന്ദരമായ പക്ഷികളില്‍ ഒന്നാണിത്. തലയും ഉടലിന്റെ കുറച്ച് ഭാഗങ്ങളും ചുവപ്പ് നിറവും ബാക്കി ഭാഗം ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറവുമാണുള്ളത്.
പപ്പുവ ന്യൂഗിനിയ എന്ന ദ്വീപ് ഓസ്ട്രേലിയയ്ക്ക് സമീപം പസഫിക് സമുദ്രത്തിലാണ്. 810 ഓളം ഇനങ്ങളിലുള്ള പക്ഷികള്‍ ഇവിടെയുണ്ട്. ഈ ദ്വീപില്‍ മാത്രമേ ഈ പക്ഷികളെ കാണാന്‍ സാധിക്കൂ.
ആ ദ്വീപില്‍ എത്തിപ്പെടുക എന്നത് അത്ര എളുപ്പമല്ല. ഫൈ്ള നദിയിലൂടെ നാല് മണിക്കൂര്‍ ദുഷ്കരമായ ബോട്ട് യാത്രയ്ക്ക് ശേഷം മാത്രമേ ഫ്ളെയിം ബൗവര്‍ പക്ഷികള്‍ ഉള്ളിടത്തെത്താന്‍ കഴിയൂ. അതിന് ശേഷം ഒന്നരമണിക്കൂര്‍ കാല് നടയായും യാത്ര ചെയ്യണം.
ഈ പക്ഷികളില്‍ ആണ് പക്ഷി മാത്രമാണ് നൃത്തം ചെയ്യുന്നത്. പെണ്ണിനെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പെണ്ണ് ആകര്‍ഷിക്കപ്പെട്ടാല്‍ പിന്നെ ഇണചേരല്‍. നൃത്തം ചെയ്ത് ഇണയെ ആകര്‍ഷിക്കുന്ന പക്ഷിയെ തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് പക്ഷി നിരീക്ഷകര്‍ ഈ ദ്വീപിലേക്ക് എത്തുന്നുണ്ട്.
ജപ്പാനിലെ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ തടാഷി ഷിമാദയാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ പക്ഷിയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്താന്‍ ആദ്യം കഴിഞ്ഞത് അദ്ദേഹത്തിനാണ്.
പിന്നീട് അമേരിക്കയിലെ ടിം ലമാനും നൃത്തം ക്യാമറയില്‍ പകര്‍ത്തി. ഈ പക്ഷിയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയാണ്.