വിശാഖപട്ടണം: ഇന്ന് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്ക് തുടക്കമാവുകയാണ്. സന്ദര്‍ശകരായ ഓസ്ട്രേലിയ സ്വന്തം മണ്ണിലേറ്റ അടിക്ക് തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറയുന്നത് ഈ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒരൊറ്റ വെല്ലുവിളിയേ ഉള്ളൂവെന്നാണ്. അത് മാര്‍ക്കസ് സ്റ്റോയിനിസാണ് എന്നാണ് കോഹ്ലിയുടെ അഭിപ്രായം. കോഹ്ലി സ്റ്റോയിനിസിനെ വെല്ലുവിളിയായി വിലയിരുത്തുന്നത് ബിഗ് ബാഷ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.
‘ചില കളിക്കാര്‍ ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. നാട്ടിലെ പരമ്പരയില്‍ ഓസ്ട്രേലിയയില്‍ നിന്ന് കടുത്ത വെല്ലുവിളി തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കാവുന്ന ഏതെങ്കിലും ഒരു കളിക്കാരന്റെ പേര് ചോദിച്ചാല്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പേരായിരിക്കും ഞാന്‍ പറയുക.’- കോഹ്ലി പറഞ്ഞു.
സ്റ്റോയിനിസ് ബിബിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം അദ്ദേഹം പുറത്തെടുക്കുന്നുണ്ട്. ഒപ്പം നല്ല ആത്മവിശ്വാസത്തിലുമാണ്. ഓസ്ട്രേലിയയെ സംബന്ധിച്ച് ഒരു സുപ്രധാന താരമാണ് മാര്‍ക്കസ് സ്റ്റോയിനിസ്.
ഇന്ത്യന്‍ ടീം ഏറെക്കുറേ സന്തുലിതമാണ്. ടീമില്‍ ആശങ്കയ്ക്ക് വകയുള്ള കാര്യങ്ങളൊന്നുമില്ല. ടീമിലെ പോരായ്മകള്‍ ഏതാണ്ടെല്ലാം തന്നെ പരിഹരിച്ചുകഴിഞ്ഞുവെന്ന് കോലി വ്യക്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം വിശാഖപട്ടണത്ത് ഇന്ന് രാത്രി ഏഴ് മണി മുതലാണ്.