തിരുവനന്തപുരം: മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വിടി ബല്‍റാമിനെ പോലെയുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയില്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് എസ്എഫ്ഐ. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷും സെക്രട്ടറി കെഎം സച്ചിന് ദേവും ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് പരാമര്‍ശം.
സാഹിത്യകാരന്മാരും, സാംസ്ക്കാരിക പ്രവര്‍ത്തകരും നമ്മുടെ നാട്ടില്‍ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവര്ക്കും ഒരുപോലെയാണെന്ന് ചൂണ്ടികാട്ടിയ എസ്എഫ്ഐ, കെആര്‍ മീരയുടെ അഭിപ്രായ പ്രകടനത്തോട് വിടി ബല്‍റാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനെന്നും പ്രസ്താവനയിലൂടെ ചോദിച്ചു.
ഉയര്‍ന്നു വരുന്ന വിവിധ വിഷയങ്ങളില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്മാരും, പക്ഷഭേദമില്ലാതെ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം. ഈയിടെയായി നടന്ന ചില വിഷയങ്ങളില്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയാണ് വിടി ബല്‍റാമിന്റെ പ്രതികരണം എന്നും എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.
അപക്വത കലര്‍ന്ന അഭിപ്രായ പ്രകടനങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന തരം താണ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബല്‍റാമില്‍ നിന്നും സമൂഹം ഇതില്‍ കൂടുതല്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുന്‍ കാലങ്ങളില്‍ കെആര്‍ മീര വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാന്‍ ഇടതുപക്ഷം തയ്യാറായിട്ടില്ലെന്നും എസ്എഫ്ഐ പറഞ്ഞു.