മലപ്പുറം: കേരളത്തിന്റെ നാടന്‍വിഭവങ്ങള്‍ കുടുംബശ്രീ ഓണ്‍ലൈന്‍ വഴി വില്ക്കാന് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ വിപണനരംഗത്തെ മുന്‍നിര വെബ്സൈറ്റായ ആമസോണ്‍ വഴിയാണ് ഇനിമുതല്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിടുന്നത്. ഗ്രാമങ്ങളിലെ സ്ത്രീ സ്വയംതൊഴില്‍ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ‘സഹേലി’ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ തുടക്കം.
ഇതിന്റെ ഭാഗമായി ഈമാസം 27-ന് ആമസോണും കുടുംബശ്രീയും തമ്മില്‍ വ്യാപാര കരാറൊപ്പിടും. കുടുംബശ്രീ ഉത്പന്നങ്ങളുടെ പരീക്ഷണാര്‍ത്ഥമുള്ള ഡിസ്പ്ലേ ആമസോണ്‍ വെബ്സൈറ്റില്‍ ആരംഭിച്ചുകഴിഞ്ഞു. അയല്‍ക്കൂട്ടങ്ങളിലും വീടുകളില്‍ കയറിയുമുള്ള വില്‍പ്പനയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കൈത്തറി-കരകൗശല വസ്തുകള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, കിച്ചണ്‍ ഉപകരണങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍ എന്നിങ്ങനെ 110 ഇനങ്ങളാണ് വിപണിയിലെത്തിക്കുക. ഉത്പന്നങ്ങളുടെ ഫോട്ടോയും വിലയും യൂണിറ്റും ഫോണ്‍നമ്പറും ആമസോണ്‍ സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ വില്‍പ്പന ഏകോപിപ്പിക്കാന്‍ കുടുംബശ്രീയുടെ സംസ്ഥാന മിഷന് ഓഫീസില്‍ സഹേലി ആമസോണ്‍ സെന്റര്‍ എന്ന പേരില്‍ ഓഫീസ് തുറന്നു. ലഭിക്കുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് ഉത്പന്നങ്ങള്‍ ഇവിടെയെത്തിച്ച് ആമസോണിന് കൈമാറും. ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയാല്‍ ആഗോളതലത്തിലേക്കും വിപണി വ്യാപിപ്പിക്കും.
‘കുടുംബശ്രീ ബസാര്‍’ എന്നപേരില്‍ കുടുംബശ്രീ ഒരുവര്‍ഷമായി വെബ്സൈറ്റുവഴി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍, ഇതിന് വേണ്ടത്ര പ്രതികരണം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആമസോണ്‍വഴി ദേശീയതലത്തില്‍ വിപണിയൊരുക്കാന്‍ കുടുംബശ്രീ തയ്യാറെടുക്കുന്നത്.