യുഎഇ: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗത നിയമങ്ങള്‍, സ്കൂള്‍ ബസുകളിലെ സുരക്ഷ, റോഡ് സുരക്ഷ തുടങ്ങി ഗതാഗത സുരക്ഷയുടെ നല്ല പാഠങ്ങള്‍ പഠിക്കാനായി സ്മാര്‍ട്ട് സേഫ്റ്റി ബസ് ഒരുക്കി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ദൈനംദിന ജീവിതത്തിലെ ഗതാഗത സുരക്ഷയെക്കുറിച്ച് വിനോദവും വിജ്ഞാനവും കൂട്ടിയിണക്കിയാണ് സ്മാര്‍ട്ട് ബസ് അവതരിപ്പിക്കുന്നത്.
സ്കൂള്‍ പരിസരങ്ങളില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി ഒരു അപകടം പോലുമില്ലാതെ സംരക്ഷിക്കാന്‍ ആര്‍ടിഎക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കുന്നത്. ആറ് മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ബസിനുള്ളിലെയും റോഡ് മുറിച്ചു കടക്കുമ്പോഴും ബസ് കാത്ത് നില്‍ക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
ബസിന്റെ ഉള്ളിലും പുറത്തുമുള്ള അപകടകരമായ ഭാഗങ്ങള്‍ എന്നിവയെക്കുറിച്ചും പറഞ്ഞു കൊടുക്കും. ഇന്ററാക്ടീവ് ഇ-സ്ക്രീനുകളുടെ സഹായത്തോടെയും വിനോദപരിപാടികളിലൂടെയും കളികളിലൂടെയുമാണ് കുട്ടികള്‍ക്ക് സുരക്ഷയുടെ പ്രാധാന്യം പറഞ്ഞു കൊടുക്കുന്നത്. ഈ അധ്യയനവര്‍ഷം 30 സ്കൂളുകളിലും അടുത്ത അധ്യയനവര്‍ഷം 45 സ്കൂളുകളിലും സ്മാര്‍ട്ട് ബസ് എത്തും. ആര്‍ടിഎ ചെയര്മാന് മാതര്‍ അല്‍ തായര്‍ ആണ് സ്മാര്‍ട്ട് സേഫ്റ്റി ബസ് ഉദ്ഘാടനം ചെയ്തത്.