വിക്രമിന്റെ മകന് ധ്രുവ് വിക്രത്തിന്റെ ആദ്യ ചിത്രമായ വര്‍മയില്‍ നിന്ന് സംവിധായകന് ബാല പുറത്ത് പോയതിന് പിന്നാലെ ചിത്രത്തില്‍ അടിമുടി മാറ്റം. തെലുങ്ക് ചിത്രം അര്ജുന് റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചിത്രം മാര്‍ച്ചില്‍ റിലീസിനെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ നിര്മ്മ്ാതാക്കളായ ഇ4 എന്റര്ടെയിന്മെന്റ്സും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്ന് ബാല ചിത്രത്തില്‍ നിന്ന് പിന്മാറി. ധ്രുവിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും സംവിധായകന് ട്വീറ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ ധ്രുവിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന നായികയായി ബനിത സന്ധു എത്തുന്നുവെന്നാണ് സൂചന. ഒക്ടോബര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ബനിത. ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത് ബംഗാളി നടി മേഖ്ന ചൗധരിയാണ്. തെലുങ്കില്‍ ശാലിനി പാണ്ഡെയായിരുന്നു നായിക.
വീണ്ടും ചിത്രീകരിക്കാന്‍ ഒരുങ്ങുന്ന ചിത്രം ആര് സംവിധാനം ചെയ്യും എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗൗതം മേനോന് സംവിധാനം ചെയ്യുമെന്ന് സൂചനകളുണ്ട്.