തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ ആയിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതനെ തേടില്ലെന്നും സിപിഐയുടെ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സഹകരണം കേരളത്തില്‍ ഇടതുമുന്നണിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും കാനം പറഞ്ഞു.
ശക്തമായ മത്സരം സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂര്‍, വയനാട് മണ്ഡലങ്ങളില്‍ കാഴ്ചവെക്കാനാണ് തീരുമാനം. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അത് നിരാകരിക്കുകയായിരുന്നുവെന്നും നാലു മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ യുണൈറ്റഡ് നഴ്സസ് അസേസിയേഷന് നേതാവ് ജാസ്മിന് ഷാ സിപിഐ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങള്‍ കാനം രാജേന്ദ്രന് തള്ളിക്കളഞ്ഞു. ദേശീയ വനിതാ നേതാവ് ആനി രാജ അടക്കമുള്ളവരെയാണ് തിരുവനന്തപുരം സീറ്റില്‍ പരിഗണിക്കുന്നത്.