ചെന്നൈ: പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ സിനിമാ തിയേറ്ററുകളില്‍ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിയേറ്ററിനുള്ളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന് അമിത വിലയാണ് ഈടാക്കുന്നതെന്നും പുറത്ത് നിന്നുള്ള ഭക്ഷണം അനുവദിക്കണം എന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പുറത്ത് നിന്നുള്ള ഭക്ഷണം വിലക്കിയ തിയേറ്ററുടമകളുടെ നടപടി നിയമ വിരുദ്ധമാണെന്നും വിലക്ക് ഏര്‍പ്പെടുത്താന്‍ അനുവാദമില്ലെന്നുമുള്ള ഹര്‍ജി ജൈനേന്ദ്ര ബക്ഷിയാണ് പൊതുതാത്പര്യ ഹര്‍ജിയായി സമര്‍പ്പിച്ചത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. തിയേറ്റര്‍ സ്വകാര്യ സ്ഥാപനമാണെന്നും ഉടമകളുടെ തീരുമാനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ഇതേ വിഷയത്തില്‍ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തിയേറ്ററുടമകള്‍ക്ക് വലിയ വിമര്‍ശനമാണ് നേരിട്ടത്. ഹര്‍ജി പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നിയമാനുസൃതമുള്ള നടപടിയാണോ അതോ തിയേറ്ററുടമകളുടെ തന്നിഷ്ടമാണോ എന്നാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചത്.