ബംഗളൂരു: രാവിലെ ഉറക്കമുണര്‍ന്നത് മുതല്‍ രാത്രി ഉറങ്ങും വരെ കൈയ്യില്‍ ഫോണില്ലാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് ഇന്നത്തെ തലമുറ. അത്രയേറെ സ്മാര്‍ട്ട്ഫോണിന് അടിമപ്പെട്ടിരിക്കുകയാണ് ഇവര്‍. തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് നിരവധി മുന്നറിയിപ്പുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നല്കുന്ന മുന്നറിയിപ്പുകള്‍ ഒന്നും യുവതലമുറ ഗൗരവമായി കാണുന്നില്ലെന്നതാണ് സത്യം.
എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ഇപ്പോള്‍ മറ്റൊരു ആരോഗ്യപ്രശ്നം ഉന്നയിച്ചിരിക്കുകയാണ്. കൂടുതല്‍ സമയം സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ അവസ്ഥയെ ‘സ്മാര്‍ട്ട് ഫോണ്‍ തമ്പ്’ എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്.
വിരലില്‍ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലന ഞരമ്പില്‍ നീരുവെയ്ക്കുന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിരലുപയോഗിച്ച് എഴുതാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരീക്ഷാകാലം അടുത്തെന്നും പേന ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് നിരവധി കുട്ടികള്‍ ആശുപത്രികളെ സമീപിച്ചതായി ബംഗളൂരുവിലെ ഹോസ്മറ്റ് ആശുപത്രിയിലെ ഹാന്‍ഡ് സര്ജന് പറയുന്നു. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ പിടിക്കുന്ന രീതി ശരിയായ രീതിയിലല്ല.
അത് അസ്ഥികള്‍ക്ക് ദോഷമുണ്ടാക്കുന്ന തരത്തിലാണെന്നും ഇത് വേദനയ്ക്ക് കാരണമാകുകയും ആത്യന്തികമായി ഒസ്റ്റിയോ ആര്ത്രൈറ്റീസിലേക്ക് കൊണ്ടുചെന്ന് എത്തിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
35 വയസ് കഴിഞ്ഞവര്‍ സ്മാര്‍ട്ട്ഫോണുകള്‍ അധികമായി ഉപയോഗിച്ചാല്‍ മുട്ടില്‍ വരുന്ന തേയ്മാനമായ ഒസ്റ്റിയോ ആര്‍ത്രൈറ്റീസ് വരാനുളള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.