സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത വാഹനമാണ് ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോ. ഇനിമുതല്‍ എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറുകളാക്കാന്‍ ഒരുങ്ങുകയാണ് ടിയാഗോ.
ബെയ്സ് മോഡലില്‍ മുതല്‍ ഇവ ഉള്‍പ്പെടുത്തുമെന്ന് ടാറ്റ അറിയിച്ചു. കൂടാതെ ടിയാഗോയുടെ എക്സ്ഇ വേരിയന്റായിരിക്കും ഇനി മുതല്‍ അടിസ്ഥാന മോഡല്‍ എന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. മുമ്പ് ഇത് എക്സ്ബി വേരിയന്റായിരുന്നു. അതുകൊണ്ട് തന്നെ എക്സ്ഇ വേരിയന്റ് മുതലായിരിക്കും എബിഎസ്, ഇബിഡി സംവിധാനം ഒരുക്കുന്നത്.
മുമ്പ് എബിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത് ടിയോഗോയുടെ XZ, XZ+ വേരിയന്റുകളില്‍ മാത്രമായിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാറുകളില്‍ എബിഎസ്, ഇബിഡി സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ടാറ്റ ടിയാഗോയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായി സാന്‍ട്രോ, മാരുതി വാഗണ്‍ആര്‍, ഡാട്ട്സണ്‍ ഗോ തുടങ്ങി മോഡലുകളുടെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഈ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണ് ടിയാഗോയിലും ഇവ നല്‍കുന്നത്.