വെട്രിമാരന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും ധനുഷും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം അസുരനിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പുറത്ത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. മഞ്ജു വാര്യര്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്.
ധനുഷ് നേരത്തേ സിനിമയുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കുമെന്നും മഞ്ജു വാര്യര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും ട്വീറ്റ് ചെയ്തിരുന്നു.
സാമൂഹിക വ്യവസ്ഥയോട് കലഹിക്കുന്ന കാമ്പുള്ള സിനിമകള്‍ സമ്മാനിച്ച വെട്രിമാരന്-ധനുഷ് ടീം ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാണ്. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എആര്‍ റഹ്മാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജിവി പ്രകാശ് ആണ്. വെട്രിമാരന്-ധനുഷ് കൂട്ടുകെട്ടില്‍ പിറക്കുന്ന ഒരു ചിത്രത്തിലേക്ക് വീണ്ടുമൊന്നിക്കുകയാണ് ജിവി പ്രകാശ്. അസുരന് നിര്‍മ്മിക്കുന്നത് വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ്.