കൊല്ലം: ആര്‍എസ്എസ് കേരളത്തിലെ ബിജെപി തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കും. തെരഞ്ഞെടുപ്പ് പ്രചരണവും അവര്‍ തന്നെ ഏകോപിപ്പിക്കും. 20 മണ്ഡലങ്ങളിലും ആര്‍എസ്എസ് നിയമിക്കുന്ന ഒരു സംയോജകനും ഒരു സഹസംയോജകനും ഉണ്ടാകും. ഇതേ മാതൃകയില്‍ നിയമസഭാ മണ്ഡലതലത്തിലും പഞ്ചായത്ത് തലത്തിലും ആര്‍എസ്എസ് നേതാക്കളെ ചുമതലപ്പെടുത്തും.
മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ക്കാണ് ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന അഞ്ചിടങ്ങളില്‍ ചുമതല. പ്രസാദ് ബാബു (തിരുവനന്തപുരം), സുദര്ശനന് (ആറ്റിങ്ങല്‍), കെബി ശ്രീകുമാര്‍ (പത്തനംതിട്ട), എ വിനോദ് (തൃശ്ശൂര്‍), ഉണ്ണികൃഷ്ണന് (പാലക്കാട്) എന്നിവരാണ് ചുമതലക്കാര്‍. ആര്‍എസ്എസ് നിയന്ത്രണത്തിലാണ് സാമ്പത്തിക കാര്യങ്ങളും.
ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനെ അഞ്ചു ബൂത്തുകള്‍ ചേര്‍ത്ത് രൂപവത്കരിച്ച ഓരോ ‘ശക്തികേന്ദ്ര’ങ്ങള്‍ക്കും നിയമിക്കും. ചുമതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, നിരീക്ഷിക്കുക, നേതൃത്വത്തിന് റിപ്പോര്‍ട്ട് ചെയ്യുക എന്നിവയാണ്.
ഇതിനായി പാര്‍ലമെന്റ് മണ്ഡലം ചുമതലക്കാരുടെ നേതൃത്വത്തില്‍ അവലോകന-ആലോചനാ യോഗങ്ങള്‍ തുടങ്ങി. ഈ മാസമാദ്യം മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്യാമ്പ് എറണാകുളത്ത് നടന്നിരുന്നു. ക്ലാസ് എടുത്തത് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളാണ്. പിന്നീട് ന്യൂഡല്‍ഹിയിലും ഇവര്‍ക്ക് ക്ലാസ് ഉണ്ടായിരുന്നു.