ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപി-കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് എഎപി നേതാക്കള്‍ കോണ്‍ഗ്രസിനെ അനുകൂലിച്ചും മറ്റു ചിലപ്പോള്‍ എതിര്‍ത്തും പ്രസ്താവനകളിറക്കുന്നത് ഇതിനെക്കുറിച്ചുള്ള അവ്യക്തത തുടരാന്‍ കാരണമാകുന്നു. എഎപി- കോണ്‍ഗ്രസ് സഖ്യം കുറച്ചുകാലം മുന്‍പു സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടിരുന്നത് എഎപിയുടെ ചില പ്രമുഖ നേതാക്കളാണ്. എന്നാല്‍, ഡിപിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്, മുന്‍ ഡിപിസിസി അധ്യക്ഷന്‍ അജയ് മാക്കന്, ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പിസി ചാക്കോ എന്നിവര്‍ സഖ്യത്തിന് അനുകൂലമല്ല. എങ്കിലും, ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നു സംസ്ഥാന നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത് സഖ്യത്തെക്കുറിച്ച് എഎപിയില്‍ ആശയക്കുഴപ്പമുള്ളതായാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇടയ്ക്കിടെ കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിലെ ഇമാമുമാരുടെ യോഗത്തില്‍ കേജ്രിവാള് തുറന്നടിച്ചത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടില്ലെന്നാണ്.
എഎപിക്കാണ് ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയുകയെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് മുന്നിലെത്തിയാല്‍ പിന്തുണയ്ക്കാന്‍ മടിയില്ലെന്നും എഎപിയുടെ പ്രമുഖ നേതാവ് അമാനത്തുല്ല ഖാന് എംഎല്‍എയും വ്യക്തമാക്കി.
ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ആരെയും പിന്തുണയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞിരുന്നു. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഡല്‍ഹിക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ സ്വന്തമാക്കാന്‍ എഎപി ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഷീലാ ദീക്ഷിത് ഇന്നലെ വീണ്ടും രംഗത്തെത്തി.