മുംബൈ: എഐസിസി ജനറല്‍ സെക്രട്ടറി പദത്തില്‍ പ്രിയങ്കാ ഗാന്ധി എത്തിയതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സഖ്യകക്ഷിയായ ശിവസേനയുടെ നേതാവ് സഞ്ജയ് റൗട്ട്. മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതോടെ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശനം താന്‍ പ്രതീക്ഷിച്ചിരുന്നതായി ശിവസേനാ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ‘അച്ഛേ ദിന്’ മൂന്നുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ വന്നുവെന്നും അന്നു മുതല്‍ പ്രിയങ്ക ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും സഞ്ജയ് വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങള്‍ക്ക് എന്നും ഗാന്ധി കുടുംബവുമായി ബന്ധമുണ്ടായിരുന്നുവെന്നും രാഹുല്‍ ഗാന്ധി എടുത്ത നല്ല തീരുമാനമാണിതെന്നും ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം ഈ രാജ്യത്ത് എല്ലായ്പ്പോഴുമുണ്ടാകുമെന്നും കോണ്‍ഗ്രസ് അതില്‍നിന്ന് നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടത് 2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പിനെ നേരിട്ടത് തനിച്ചാണ്. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കണത്തിനുള്ള കേവലഭൂരിപക്ഷം ആര്‍ക്കും ലഭിച്ചില്ല. തുടര്‍ന്ന് ബിജെപിയും ശിവസേനയും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ഇപ്പോഴും അത്ര സുഖകരമല്ല.