നീലേശ്വരം: അക്രമാസക്തനായി വിവിധ ഭാഗങ്ങളില്‍ മണിക്കൂറുകളോളം വിരണ്ടോടിയ പോത്തിനെ വെടിവച്ചു കൊന്നു. നീലേശ്വരം പാലായിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി അറുക്കാനായി മറ്റ് പോത്തുകളെ വണ്ടിയില്‍ നിന്നും ഇറക്കുന്നതിനിടെയായിരുന്നു പോത്ത് വിരണ്ട് ഓടിയത്. പോത്ത് അക്രമാസക്തമായതോടെ പോലീസിന്റെ നിര്‍ദേശത്തില്‍ വെടി വെച്ച് കൊല്ലുകയായിരുന്നു.
ബങ്കളത്തേക്ക് അറുക്കാനായി മിനിലോറിയിലാണ് പോത്തുകളെ കൊണ്ട് വന്നത്. ഓരോന്നിനെയായി ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പോത്ത് വിരണ്ട് ഓടുകയായിരുന്നു. അക്രമാസക്തനായി വിവിധ ഭാഗങ്ങളിലായി ഓടിയ പോത്തിനെ മെരുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ, ബങ്കളത്തു നിന്നു പോത്തിന്റെ ഉടമസ്ഥരില്‍ ഒരാള്‍ പിടിക്കാനെത്തിയെങ്കിലും പോത്ത് ആക്രമിച്ചു. ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ആളനക്കം കാണുമ്പോള്‍ തന്നെ അക്രമിക്കാനൊരുങ്ങിയ പോത്തിനു സമീപത്തേക്ക് അടുക്കാന്‍ ആരും ധൈര്യം കാട്ടിയില്ല. ഭീതിയിലായ നാട്ടുകാര്‍ നീലേശ്വരം പോലീസിനെയും കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പോത്തിനെ മെരുക്കാനായി എകെജി വായനശാലയ്ക്കു സമീപം രണ്ട് എരുമകളെ കൊണ്ടുവന്നു കെട്ടി.
ആദ്യം കുറച്ചൊന്നു ശാന്തനായെങ്കിലും പിന്നീട് പോത്ത് വീണ്ടും അക്രമാസക്തനായി. മയക്കു വെടിവയ്ക്കാന്‍ കണ്ണൂരില്‍ നിന്ന് ആളെത്തുമ്പോഴേക്കും കൂടുതല്‍ അക്രമങ്ങള്‍ക്കു ഉണ്ടാകുമോ എന്ന സംശയത്തില്‍ പോലീസ് നിര്‍ദേശ പ്രകാരം മനയ്ക്കാലില് തന്നെ പോത്തിനെ വെടിവച്ചു കൊല്ലുകയായിരുന്നു.