അതിഗംഭീരമായ നൃത്തച്ചുവടുകള്‍ കൊണ്ട് ധനുഷും സായി പല്ലവിയും പ്രേക്ഷകരെ ഇളക്കി മറിച്ച ഗാനമാണ് മാരി 2 സിനിമയിലെ റൗഡി ബേബി. ഭാഷാഭേദമന്യേ ജനങ്ങള്‍ ഏറ്റെടുത്ത ഗാനം ഇപ്പോള്‍ ലോകം കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വന്‍ കൈയ്യടി നേടിയ ഗാനം ലോക പ്രശസ്തി നേടിയ വീഡിയോകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയായ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലും കയറി.
ചാര്‍ട്ടില്‍ നാലാം നമ്പറിലാണ് റൗഡി ബേബി എത്തിയിരിക്കുന്നത്. എട്ട് കോടിയില്‍ അധികം ആളുകളാണ് ഇപ്പോള്‍ ഗാനം കണ്ടിരിക്കുന്നത്. ആകര്‍ഷകമായ പാട്ടിനൊപ്പം ധനുഷിന്റേയും സായ് പല്ലവിയുടേയും ഡാന്‍സ് കൂടി ആയപ്പോള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് കൈവിട്ട് പോവുകയായിരുന്നു ഗാനം.
പ്രഭുദേവയാണ് ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. സായ് പല്ലവിയുടെ ഡാന്‍സ് വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ധനുഷിന് ഒരുപിടി മുകളിലാണ് സായ് പല്ലവിയുടെ ഡാന്‍സ് എന്നായിരുന്നു ഭൂരിഭാഗം പേരുടേയും വിലയിരുത്തല്‍. യുവന് ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ധനുഷാണ്. കൂടാതെ ദീയ്ക്കൊപ്പം ഗാനം ആലപിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.