ഇടുക്കി: വ്യാജ സ്വര്‍ണ്ണം പണയം വെച്ചുള്ള തട്ടിപ്പ് ഇടുക്കിയില്‍ വ്യാപകമാകുന്നു. ഉരച്ചു നോക്കിയാല്‍ പോലും മനസ്സിലാകാതെ യാഥാര്‍ഥ സ്വര്‍ണമാണെന്ന് തോന്നുന്ന രീതിയിലുള്ള തനി തങ്കത്തെ വെല്ലുന്ന തരത്തിലുള്ള വ്യാജ സ്വര്‍ണ്ണമാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്വര്‍ണ്ണപണയ സ്ഥാപനങ്ങളും വ്യാപാരികളും ആശങ്കയിലായിരിക്കുകയാണ്. ഇത്തരം വ്യാജ സ്വര്‍ണ്ണം നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത് പ്രത്യേക തരം ലോഹക്കൂട്ടാണ്. സ്ഥാപനങ്ങളില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് പലരും ഇത്തരം സ്വര്‍ണ്ണം പണയം വയ്ക്കുന്നത്. മുറിച്ച് നോക്കിയൊ യന്ത്രമുപയോഗിച്ചോ വ്യാജസ്വര്‍ണം കണ്ടെത്താമെങ്കിലും ഇത് ചെറിയ ബാങ്കുകളില്‍ പ്രായോഗികമല്ല.
ഇടുക്കി ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മൂന്നിടങ്ങളിലാണ് വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടന്നത്. മുരിക്കാശേരി, കഞ്ഞിക്കുഴി, വണ്ണപ്പുറം, എന്നിവിടങ്ങളിലാണ് തട്ടിപ്പു നടന്നതായി പോലീസിന് പരാതികള്‍ ലഭിച്ചത്. പരാതികളുടെ എണ്ണം കൂടി വരുന്നതോടെ ഇത്തരത്തിലുള്ള പ്രത്യേക ലോഹക്കൂട്ട് നിര്‍മ്മിക്കുന്നവരെ കണ്ടെത്താനുളള അന്വേഷണത്തിലാണ് പോലീസ്.