ന്യൂഡല്‍ഹി: 2018-ല്‍ രാജ്യത്ത് തൊഴില്‍ നഷ്ടമായത് ഒരുകോടി പത്തുലക്ഷം പേര്‍ക്ക്. ഗ്രാമത്തില്‍ നിന്നുള്ളവരും കൂലിപ്പണിക്കാരുമാണ് അവരില്‍ ഭൂരിഭാഗവും. 2017-18 സാമ്പത്തികവര്‍ഷത്തിലെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പുതിയ നിക്ഷേപങ്ങളും 14 വര്ഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ട് രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതായും ചൂണ്ടിക്കാട്ടുന്നു.
40.8 കോടിയായിരുന്നു 2017 ഡിസംബറില്‍ രാജ്യത്ത് തൊഴിലുണ്ടായിരുന്നവരുടെ എണ്ണം. 2018 ഡിസംബറില്‍ ഇത് 39.7 കോടിയായി കുറഞ്ഞു. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനമായും ഉയര്‍ന്നു. 15 മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്.
* കഴിഞ്ഞ സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് സ്വകാര്യമേഖലയിലെ പദ്ധതിപ്രഖ്യാപനങ്ങള്‍ 62 ശതമാനത്തോളം കുറഞ്ഞു. ഇത് പൊതുമേഖലയില്‍ 37 ശതമാനം കുറഞ്ഞു. 2004നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
* നഗരങ്ങളില്‍ നിന്ന് 18 ലക്ഷം പേര്‍ക്കും ഗ്രാമങ്ങളില്‍ നിന്ന് 91 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായി. ഇവരില്‍ 84 ശതമാനവും ജനസംഖ്യയുടെ മൂന്നില്‍ രണ്ടും സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ നിന്നാണ്.
* തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും നോട്ടുനിരോധനത്തിന്റെ ആഘാതമേറ്റ കൂലിപ്പണിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ്.
* 88 ലക്ഷം സ്ത്രീകള്‍ക്കും (ഗ്രാമത്തില്‍ 65 ലക്ഷം) 22 ലക്ഷം പുരുഷന്മാര്ക്കും (ഗ്രാമത്തിലെ 23 ലക്ഷം) തൊഴില്‍ നഷ്ടമായി.
* മാസശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി.
* 40നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ജോലി നിലനിര്‍ത്താന്‍ കഴിഞ്ഞത്.
എന്നിവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍.