രുചിഭേദങ്ങള്‍ തേടിപ്പോകുന്നവരാണ് നമ്മളില്‍ പലരും. ഉഴുന്നുവടയും പക്കവടയും പരിപ്പുവടയുമൊക്കെ പല തവണ നാം രുചിച്ച് കാണും. എന്നാല്‍ കപ്പ വട കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കാം. വളരെ എളുപ്പത്തില്‍ കപ്പകൊണ്ട് തയ്യാറാക്കാവുന്ന കപ്പവട വൈകീട്ടത്തെ ചൂടുള്ള ചായക്കൊപ്പം കഴിക്കാന്‍ ഏറെ നല്ല വിഭവമാണ്.
ചേരുവകള്‍
കപ്പ – 1 കിലോ
മൈദ – 2 ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയകഷ്ണം അരിഞ്ഞത്
മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 5 എണ്ണം (ചെറുതായി അരിഞ്ഞത്)
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ വേവിക്കുക. വെന്തശേഷം ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി എന്നിവയും മുളക് പൊടിയും മൈദയും ചേര്‍ത്ത് നന്നായി കുഴക്കുക. ഇത് വട രൂപത്തിലാക്കി എണ്ണയില്‍ വറുത്തെടുക്കുക.