ഭുവനേശ്വര്‍: സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മൂന്നു മിനിറ്റിനിടെ ഇരട്ട ഗോള്‍ നേടിയ സിമ്രന്‍ജിത് സിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് പ്രധാന കാരണക്കാരന്‍. ഇത് പൂള് സിയില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു.
സിമ്രന്‍ജിതിന്റെ ഗോളുകള്‍ 43,46 മിനിറ്റുകളിലായിരുന്നു. മറ്റു ഗോളുകള്‍ നേടിയത് മന്ദീപ് സിങ്ങ് (9), ആകാശ്ദീപ് സിങ്ങ്(12), ലളിത് ഉപാധ്യയ(45) എന്നിവരാണ്.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നിലായ ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് കഴിഞ്ഞില്ല. ലീഡ് വിട്ടുകൊടുക്കാതെ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കി. അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയമാണ്. ഞായറാഴ്ച്ചയാണ് ഈ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ബെല്‍ജിയം കാനഡയെ 21ന് പരാജയപ്പെടുത്തിയിരുന്നു.