കീവ്: കരിങ്കടലില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്താണ് സംഭവം. കപ്പലുകളിലെ ജീവനക്കാര്‍ക്ക് നേരെ റഷ്യ വെടിയുതിര്‍ത്തതായും ജീവനക്കാര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടും ഉണ്ട്.
ഉക്രൈന് കപ്പലുകള്‍ തങ്ങളുടെ സമുദ്ര അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതോടെയാണ് സംഘര്‍ഷമുണ്ടായതെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്നും വെറിപിടിച്ചതായിരുന്നെന്നുമാണ് ഉക്രൈന് പ്രസിഡന്റ് പെട്രോ പോറോഷെന്‍കോ പറഞ്ഞു.
ഉക്രൈനിന്റെ രണ്ട് സായുധ കപ്പലുകളും ഒരു നൗകയുമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഇവയെ തടഞ്ഞതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗണ്‍സിലുമായി ഒരു അടിയന്തിര യോഗത്തിനായി റഷ്യ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
പാശ്ചാത്യ ശക്തികളുമായി ഉക്രൈനുള്ള ബന്ധങ്ങള്‍ റഷ്യയെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകള്‍ നടപ്പാക്കുകയാണ് ഉക്രൈന് ചെയ്യുന്നതെന്നാണ് റഷ്യയുടെ ആരോപണം. യൂറോപ്യന്‍ യൂണിയന് ഉള്‍പ്പടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടാനും ശ്രമിക്കുന്നുണ്ട്. മറ്റു രാജ്യങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.