തിരുവനന്തപുരം: സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അടിയന്തര ധനസഹായം വ്യാജ അപേക്ഷ നല്കി വാങ്ങിയ 3000 പേര് തിരിച്ചടച്ചു. ഇതോടെ അടിയന്തരസഹായമായ 10,000 രൂപ വാങ്ങിയവരില്‍ വ്യാജ അപേക്ഷകര്‍ ഏറെ ഉണ്ടായിരുന്നുവെന്നതിന് തെളിവായി. അനര്‍ഹരായ കൂടുതല്‍ പേരുണ്ടാകാമെന്ന വിലയിരുത്തലിനെത്തുടര്‍ന്നു കര്‍ശനമായ പരിശോധനയ്ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ, വില്ലേജ് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചതോടെയാണ് വ്യാജ അപേക്ഷകര്‍ തുക തിരിച്ചടച്ചത്. പ്രളയനാശനഷ്ടമുണ്ടായ 6.17 ലക്ഷം കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ 10,000 രൂപ വീതം സഹായം അനുവദിച്ചത്. കുടുംബങ്ങള്‍ നല്കിയ അപേക്ഷകളിന്മേല് വില്ലേജ് ഓഫിസുകള്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. എണ്ണം കൂടുതലായതിനാല്‍ എല്ലാ അപേക്ഷകളിലും നേരിട്ടുള്ള പരിശോധന നടത്തിയിരുന്നില്ല.
ഈ സന്ദര്‍ഭം മുതലെടുത്താണ് നാശനഷ്ടമുണ്ടാകാത്തവരും സഹായം വാങ്ങിയത്.
ധനസഹായം വാങ്ങിയവരുടെ പട്ടിക ജില്ലാ ഭരണകൂടങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നാണക്കേടും നടപടികളും ഭയന്നാണ് മൂവായിരത്തോളം പേര് തുക തിരിച്ചടച്ചത്.