വെഴ്സായ്: കിലോഗ്രാമിന് അടുത്തവര്‍ഷം മേയ് 20 മുതല്‍ പുതിയ നിര്‍വചനം വരുന്നു. എന്നാല്‍ അളവിലോ തൂക്കത്തിലോ യാതൊരു മാറ്റവും വരില്ല. അത് കൃത്യവും സൂക്ഷ്മവുമാക്കുന്നതിനാണ് വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗം പുതിയ നിര്‍വചനത്തിന് അംഗീകാരം നല്‍കിയത്. കിലോഗ്രാമിന്റെ പുതിയ നിര്‍വചനം വൈദ്യുതകാന്തിക ബലം അടിസ്ഥാനമാക്കിയാവും.
നിലവില്‍ കിലോഗ്രാം എന്ന അളവ് നിശ്ചിക്കുന്നത് പാരീസില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സിന്റെ പക്കല്‍ വായുകടക്കാത്ത ചില്ലുകൂട്ടില്‍വെച്ചിരിക്കുന്ന പ്ലാറ്റിനം ഇറിഡിയം ദണ്ഡിന്റെ തൂക്കം അടിസ്ഥാനമാക്കിയാണ്. കിലോഗ്രാമിന്റെ അന്താരാഷ്ട്ര മൂലരൂപം അഥവാ ലെ ഗ്രാന്‍ഡ് കെ എന്നാണ് ഈ ദണ്ഡ് അറിയപ്പെടുന്നത്. 1889 മുതലാണ് ഈ രീതി അവലംബിച്ചത്. അന്നു രൂപംകൊടുത്ത ലെ ഗ്രാന്‍ഡ് കെയ്ക്ക് കാലത്തിന്റെ പോക്കില്‍ തേയ്മാനമുണ്ടാകാമെന്നും അതിനാല്‍ ഇതിനെ കിലോഗ്രാമിന്റെ സ്ഥിരമാതൃകയാക്കുന്നതിന് പരിമിതിയുണ്ടെന്നും വാദമുയര്‍ന്നു. ഇതു കണക്കിലെടുത്താണ് പുതിയരീതി അവലംബിക്കാന്‍ നിശ്ചയിച്ചത്.
ഇനി കിലോഗ്രാമിന്റെ അടിസ്ഥാനമാതൃക കിബിള്‍ ബാലന്‍സ് അഥവാ വാട്ട് ബാലന്‍സാവും. വൈദ്യുതകാന്തികശക്തി ഉപയോഗിക്കുമ്പോള്‍ ഭാരസന്തുലനം നേടാന്‍ എത്ര ഊര്‍ജം ഉപയോഗിക്കുന്നു എന്നതാണ് കിബിള്‍ ബാലന്‍സ് അളക്കുന്നത്. ഭൗതികശാസ്ത്രത്തില്‍ വളരെ കൃത്യമായി അളന്നുതിട്ടപ്പെടുത്താവുന്ന പ്ലാങ്ക്സ് കോണ്‍സ്റ്റന്റ് അഥവാ പ്ലാങ്ക്സ് സ്ഥിരാങ്കം എന്ന അളവാണ് ഇവിടെ ഉപയോഗിക്കുക. ഒരു വസ്തുവിന്റെ പ്ലാങ്ക്സ് കോണ്‍സ്റ്റന്റ് ആണ് ഇതുവഴി മനസ്സിലാക്കുന്നത്. ഐന്‍സ്റ്റൈന്റെ സിദ്ധാന്തം അനുസരിച്ച് ഈ പ്ലാങ്ക്സ് കോണ്സ്റ്റന്റിന് എത്ര പിണ്ഡമുണ്ടെന്ന് ഇതുവഴി മനസ്സിലാക്കാന്‍ പറ്റും. പുതിയ തീരുമാനം തന്മാത്രകളെ അളന്നുതൂക്കിയുള്ള മരുന്നുനിര്‍മാണമേഖലയില്‍ നിര്‍ണായകസ്വാധീനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
അളവുകളെല്ലാം പുനഃക്രമീകരിക്കണമെന്ന് ശാസ്ത്രലോകത്തുനിന്ന് ആവശ്യമുയര്‍ന്നത് 2012ലാണ്. പല ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ 2016ല്‍ ഇക്കാര്യത്തില്‍ ഏകദേശധാരണയിലെത്തി. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് നിത്യജീവിതത്തില്‍ പുതിയ നിര്‍വചനംകൊണ്ട് മാറ്റങ്ങളൊന്നും വരില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.