റഷ്യയിലെ മഞ്ഞു നിറഞ്ഞ പര്‍വതമുകളില്‍ നിന്നുള്ള ഒരു കരടിക്കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍മീഡിയ നെഞ്ചിലേറ്റിയിരുന്നു. പല തവണ പരാജയപ്പെട്ടിട്ടും തളരാതെ മലകയറി ലക്ഷ്യത്തില്‍ എത്തിയ ഒരു കരടിക്കുഞ്ഞിന്റെ വീഡിയോ ആയിരുന്നു അത്. അമ്മയ്ക്കൊപ്പം മഞ്ഞുമലയുടെ മുകളിലെത്താന്‍ ശ്രമിക്കുന്ന കരടിക്കുഞ്ഞ് പല തവണ പരാജയപ്പെട്ടു താഴേക്കു പതിക്കുന്നതും ഒടുവില്‍ വിജയം കൈവരിച്ച് അമ്മയോടൊപ്പം ചേരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കനേഡിയന്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി അംഗമായ സിയാ തോങാണ് റഷ്യയിലെ മഗദന്‍ വനമേഖലയില്‍ നിന്നു ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിച്ചത്. വീഡിയോ കണ്ടവര്‍ എല്ലാം കരടിക്കുഞ്ഞിനെ ഏറ്റെടുത്തു. എന്നാല്‍ ആ വീഡിയോയ്ക്ക് പിന്നിലെ ക്രൂരത ആരും അറിഞ്ഞില്ല. ഡ്രോണ്‍ ഉപയോഗിച്ചാണ് കരടിക്കുഞ്ഞിന്റെയും അമ്മയുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ കരടിയും കുഞ്ഞുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഡ്രോണിനെ കണ്ട് ഭയന്നാണ് ഇരുവരും പര്‍വതത്തിന്റെ മുകളിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. മൂന്നു തവണയാണ് കരടിക്കുഞ്ഞ് മലമുകളിലെത്തും മുമ്പ് താഴേക്ക് പതിച്ചത്. ആദ്യ രണ്ടു തവണത്തെ ശ്രമവും പരാജയപ്പെട്ട കരടിക്കുഞ്ഞ് തോല്‍വി വഴങ്ങാന്‍ കൂട്ടാക്കാതെ മൂന്നാം തവണയും കയറി തുടങ്ങി.
എന്നാല്‍ മൂന്നാം തവണ കരടിക്കുഞ്ഞിന്റെ ശ്രമം വിജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് ദൃശ്യങ്ങള്‍ അടുത്തു ലഭിക്കാന്‍ ഡ്രോണ്‍ കുഞ്ഞിന്റെ തൊട്ടടുത്തേക്ക് ചെന്നത്. അതോടെ അമ്മക്കരടി ഭയന്ന്, ആക്രമിക്കാന്‍ വരുന്ന ജീവിയെ കൈ വീശി അകറ്റാന്‍ ശ്രമിച്ചു. ഇതോടെ മഞ്ഞുമലയുടെ കുറച്ചുഭാഗം ഇടിഞ്ഞു. ഇതിനൊപ്പം കരടിക്കുഞ്ഞ് താഴേക്ക് പതിക്കുകയും ചെയ്തു.
ഇത്തവണ കുറേ താഴേക്ക് പോയ കരടിക്കുഞ്ഞിന് പിടികിട്ടിയത് പാറക്കൂട്ടത്തിലായിരുന്നു. ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ കരടിക്കുഞ്ഞ് അമ്മയ്ക്കൊപ്പം എത്തി. വീഡിയോ ചിത്രീകരിച്ചതിലെ ക്രൂരത പുറത്തുവന്നതോടെ ഡ്രോണ്‍ ക്യാമറകളുമായി കാട് കയറുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശം ഉയരുകയാണ്.
The best MondayMorning video. That little bear just didn’t give up. I’ll now start this week-and every week-with that spirit. Also a lesson in child-rearing; If I’m not wrong, the mother bear actually made the cub slip down again & try harder, so as to build his willpower.. pic.twitter.com/9kaQU7wIkI
— anand mahindra (@anandmahindra) November 5, 2018