തിരുവന്തപുരം: വരുമാനത്തില്‍ നഷ്ടം മാത്രം ബാക്കിയാക്കി പായുന്ന കെഎസ്ആര്‍ടിസിയ്ക്ക് പെന്ഷന് നല്കുന്ന കാര്യത്തിലും കുടിശ്ശിക ബാക്കി. 38 കോടിയിലേറെയാണ് പെന്ഷന് ഇനത്തില്‍ കെഎസ്ആര്‍ടിസി നല്‍കാനുള്ളത്.
പണമുണ്ടായിട്ടും അനൂകൂല്യങ്ങള്‍ മനപൂര്‍വം വൈകിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണെന്നാണ് മാനേജ്മെന്റിന്റ ആരോപണം. വിരമിച്ച 1300 ജീവനക്കാരുടെ ആനൂകൂല്യങ്ങള്‍ എത്രയും വേഗം നല്കാന് കെഎസ്ആര്‍ടിസി ഊര്‍ജ്ജിത പെന്ഷന് തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു.
2017 ജൂണ്‍ മുതല്‍ കഴിഞ്ഞ സെപ്തംബര്‍ വരെ വിരമിച്ച 1300 പേര്‍ക്കാണ് പെന്ഷന് ആനുകൂല്യങ്ങള്‍ കിട്ടാനുള്ളത്. വിരമിക്കുന്നതിന് ആറുമാസം മുമ്പ് സര്‍വീസ് ബുക്ക് ചീഫ് ഓഫീസിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സര്‍വീസില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ മുഴുവന്‍ തുകയും കൊടുക്കണമെന്നുമാണ് ചട്ടം.
ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിനായി മാത്രം ഹൈക്കോടതി ഉത്തരവിന്റ അടിസ്ഥാനത്തില്‍ ഏഴ് ഡിപ്പോയിലെ വരുമാനം നീക്കിവയ്ക്കുന്നുമുണ്ട്. എന്നിട്ടും ആര്‍ക്കും പണം കിട്ടാത്തതില്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.