തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ കാറപടകത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവറുടേയും മൊഴികളില്‍ വൈരുദ്ധ്യം. ഈ വൈരുദ്ധ്യം കണ്ടത്തിയതോടെ സത്യം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
അപകട സമയം വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനെന്ന് ലക്ഷ്മി ആറ്റിങ്ങല്‍ പോലീസിന് മൊഴി നല്കി. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. ദീര്‍ഘദൂര യാത്രകളില്‍ ബാലഭാസ്കര്‍ ഡ്രൈവ് ചെയ്യാറില്ലെന്നാണ് ഭാര്യ ലക്ഷ്മിയുടെ മൊഴി.
പിറ്റേ ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നതിനാല്‍ പിന് സീറ്റില്‍ ഇരുന്ന് ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനാണ് തൃശ്ശൂര്‍ മുതല്‍ വാഹനം ഓടിച്ചതെന്നും, താനും കുഞ്ഞും മുന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന് നല്കിയ മൊഴിയില്‍ ലക്ഷ്മി പറയുന്നു. തിരുവനന്തപുരത്ത് ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
എന്നാല്‍ കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി. ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുടെ മൊഴിയും രേഖപ്പെടുത്തും. സെപ്തംബര്‍ 25നായിരുന്നു അപകടമുണ്ടായത്. അപകട സമയത്തുതന്നെ മകള്‍ തേജസ്വനി മരിച്ചു. ഒരാഴ്ച കഴിഞ്ഞാണ് ബാലഭാസ്ക്കര്‍ മരിച്ചത്. തീവ്രപചിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ലക്ഷ്മി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.