തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കി മുന്നേറുകയാണ് ബിജെപി നേതൃത്വം. എന്നാല്‍ ഇറക്കുന്ന പ്രചാരണങ്ങളുടെ അത്രയും നിമിഷ നേരംകൊണ്ട് സത്യസ്ഥിതിയും പുറത്ത് വരാറുണ്ട്. അത്തരത്തിലൊരു പ്രചാരണമാണ് കഴിഞ്ഞ ദിവസം മുതല്‍ അരങ്ങേറിയിട്ടുള്ളത്. പന്തളം സ്വദേശി ശിവദാസന്‍ നിലയ്ക്കലിലെ പോലീസ് മര്‍ദ്ദനത്തില്‍ മരണപ്പെട്ടു എന്ന തരത്തില്‍ പ്രചാരണം ശക്തമാവുകയായിരുന്നു. എന്നാല്‍ ഈ പ്രചാരണം സത്യമല്ലെന്ന് പറഞ്ഞു കൊണ്ട് പോലീസ് രംഗത്തെത്തിയിരുന്നു. ശിവദാസനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പരാതി നല്കിയതും തീയ്യതി അടക്കം വെളിപ്പെടുത്തിയാണ് പോലീസ് രംഗത്തെത്തിയത്.
പോലീസിന്റെ ഈ വാദങ്ങള്‍ ശരിവെച്ചാണ് ശിവദാസന്റെ മകന് നല്കിയ പരാതി പുറത്ത് വന്നിട്ടുള്ളത്. ശിവദാസന്റെ മരണം അപകടമരണമായിരുന്നുവെന്ന് തെളിഞ്ഞു. മൃതദേഹത്തിന് സമീപത്തു നിന്നും മോപ്പഡ് (മോട്ടര്‍സൈക്കിള്‍ ) കണ്ടെടുത്തിട്ടുണ്ട്. ഈ വാഹനം പിതാവിന്റെ തന്നെയാണെന്ന് മകനും സ്ഥിരീകരിച്ചു. ഇതോടെ ബിജെപി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ശിവദാസന്റെ മരണം കത്തിച്ച് സംസ്ഥാനത്ത് പ്രകോപനം തന്നെ സൃഷ്ടിക്കാനുള്ള നീക്കമാണ് ചീട്ടു കൊട്ടാരത്തിന് സമമായി തകര്‍ന്നു വീണത്. മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനവും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തത്. ഇതിനു പിന്നാലെ മരിച്ച ശിവദാസനെ ശബരിമലയിലെ ബലിദാനിയായി ചിത്രീകരിക്കുകയായിരുന്നു. പിണറായി പോലീസിന്റെ നിഷ്ക്രിയത്വം എന്നും മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്നും ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ശിവദാസന്റെ മരണം അപകടമെന്ന് തെളിഞ്ഞതോടെ മൗനത്തിലാണ് നേതൃത്വം.
നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് തുടങ്ങിയവര്‍ പോലീസിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് തെളിവുകള്‍ സഹിതം പോലീസ് രംഗത്തെത്തിയത്.
ഈ കൊലപാതകത്തിന് ഉത്തരവാദി പിണറായി വിജയനാണെന്നും അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ആളാണ് ശിവദാസെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. അങ്ങയുടെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാന്‍. അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാന്‍ പോകുന്നില്ലെന്നും കെ സുരേന്ദ്രന് കുറിച്ചു.