ചില ആളുകളുടെ പേരിലും ചില സംഭവങ്ങളുടെ പേരിലുമൊക്കെ അറിയപ്പെടുന്ന നിരവധി ഇടങ്ങളുണ്ട് നമ്മുടെ ഈ കൊച്ചുഭൂമിയില്‍. ഇത്തരത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ക്കായി മാറ്റിവച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട് ഉക്രെയിനില്‍.
ലോകത്തിലെ ഏറ്റവും കാല്പനികത നിറഞ്ഞ സ്ഥലങ്ങളില്‍ ഒന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അഞ്ചു കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഒരു റെയില്‍വേ തുരങ്കമാണിത്. ഇരുവശങ്ങളിലും വളര്‍ന്ന് തുരങ്കത്തിന്റെ ആകൃതിയില്‍ വളഞ്ഞു നില്ക്കുന്ന മരങ്ങളാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. സ്നേഹത്തിന്റെ തുരങ്കം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
കാഴ്ചക്കാരന്റെ കണ്ണിനെ കുളിരണിയിക്കുന്നതാണ് ഈ തുരങ്കത്തിന്റെ പച്ചപ്പ്. ഇവിടത്തെ റെയില്‍വേ ട്രാക്കില്പ്പോലും പച്ച ഇലകളുള്ള ചെടികള്‍ പടര്‍ന്നു വളരുന്നു. ദിവസവും മൂന്നു തവണ ഈ ട്രാക്കിലൂടെ ട്രെയിന്‍ കടന്നുപോകാറുണ്ട്.
ആരും ഒരിക്കലും ഇവിടത്തെ മരങ്ങള്‍ വെട്ടി ഒരുക്കിയിട്ടില്ല. കടന്നുപോകുന്ന ട്രെയിന്തന്നെയാണ് ആ ജോലി ചെയ്യുന്നത്. ഉക്രെയിനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ സ്നേഹ തുരങ്കം. കമിതാക്കളും നവ ദന്പതികളുമൊക്കെ ധാരാളമായി ഈ സ്ഥലം സന്ദര്‍ശിക്കുന്നു.
ജപ്പാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലും ഒരു തുരങ്കമുണ്ട്. വിസ്റ്റീരിയ ഫ്ളവര്‍ ടണല്‍ എന്നാണ് ഈ തുരങ്കത്തിന്റെ പേര്. പയറുവര്ഗത്തില്പ്പെട്ട ഒരു പൂച്ചെടിയാണ് വിസ്റ്റീരിയ. മരങ്ങളിലും മറ്റും വള്ളിയായി പടര്‍ന്നു കയറുന്ന ഇവയുടെ പൂവുകള്‍ അതിമനോഹരമാണ്.
പലതരത്തിലുള്ള വിസ്റ്റീരിയ ചെടികളാണ് വിസ്റ്റീരയ തുരങ്കത്തില്‍ വളര്‍ന്നു നില്‍ക്കുന്നത്. വെള്ളയും റോസും പര്പ്പിളുമൊക്കെ നിറത്തിലുള്ള വിസ്റ്റീരിയ പൂക്കള്‍ മനോഹരമായ ഒരു കാഴ്ചയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.