വിഴിഞ്ഞം: ജീവനുള്ള സ്പോഞ്ചുകള്‍ക്കുള്ളില്‍ ജീവിക്കുന്ന സന്യാസി ഞണ്ടിനെ വിഴിഞ്ഞം തീരക്കടലില്‍ കണ്ടെത്തി. ലോകത്തു തന്നെ അപൂര്‍വമാണ് ജീവനുള്ള സ്പോഞ്ച് ഇനത്തിലെ കടല്ജീവികള്ക്കുള്ളില് സന്യാസി ഞണ്ടുകള്‍ ജീവിക്കുന്നതു കണ്ടെത്തിയതെന്ന് കേരള സര്‍വകലാശാല അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ് പ്രഫ. ഡോ. എ ബിജുകുമാര്‍, ഡോ. രവിനേഷ്, ജപ്പാനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം ക്യൂറേറ്റര്‍ കോമായി എന്നിവര്‍ പറഞ്ഞു.
ഈ കണ്ടെത്തല്‍ വിവരങ്ങള്‍ രാജ്യാന്തര ഗവേഷണ ജേണല്‍ സൂടാക്സയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോഞ്ചുകള്‍ക്കുള്ളില്‍ ജീവിക്കുന്നതിനാല്‍ ഡയോജെനെസ് സ്പോഞ്ചിക്കോള എന്നാണിവയ്ക്കു പേരു നല്‍കിയിരിക്കുന്നത്.
മഞ്ഞ കലര്‍ന്ന വെള്ളനിറമുള്ള ഇവയ്ക്കു കാലില്‍ കുറുകെ കറുത്ത പൊട്ടുകളുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയവയ്ക്ക് അഞ്ചു മില്ലീമീറ്റര്‍ മാത്രമാണു നീളം. തങ്ങളുടെ മൃദുവായ ശരീരം ഇരപിടിയന്മാരില് നിന്നു സംരക്ഷിക്കാനാണ് ഇവ ശംഖുകള്‍ തിരഞ്ഞെടുക്കുന്നത്. വളരുന്നതിനൊപ്പം വലിയ ശംഖുകളിലേക്കു താമസം മാറും. എന്നാല്‍ ശംഖുകളുമായി സ്പോഞ്ചുകള്‍ക്കുള്ളില്‍ വളരുന്നുവെന്നതാണു പുതിയ സന്യാസിഞണ്ടിനെ വ്യത്യസ്തനാക്കുന്നത്. അനുയോജ്യമായ ശംഖുകളുടെ കുറവ് പുതിയ ജീവിതരീതി കണ്ടെത്താന്‍ പ്രേരിപ്പിക്കാമെന്നും ഡോ. ബിജുകുമാര്‍ പറഞ്ഞു.