ക്വാലാലംപൂര്‍: എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് പരാജയം. കരുത്തരായ കൊറിയ റിപ്പബ്ലിക്കാണ് മറുപടിയില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചത്. മത്സരം കൈവിട്ടെങ്കിലും തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങുന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ വിയറ്റ്നാമിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്ന ഇന്ത്യ, കരുത്തരായ ഇറാനെയും, ഇന്ഡോഷ്യയേയും ഗോള്‍രഹിത സമനിലയില്‍ പിടിച്ച് കെട്ടിയിരുന്നു.
ജയിച്ചാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത ലഭിക്കുമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഇന്ത്യ മത്സരത്തിനിറങ്ങിയത്. പ്രതിരോധമാണ് തങ്ങളുടെ ശക്തിയെന്ന് നന്നായി അറിയാമായിരുന്ന ടീം പ്രതിരോധത്തിന് മുന്‍ തൂക്കം നല്കുന്ന കളിയായിരുന്നു പുറത്തെടുത്തതും. പ്രതിരോധത്തില്‍ ബസ് പാര്‍ക്കിംഗ് നടത്തിയ ഇന്ത്യയെ അതിവിദഗ്ദമായി കൊറിയന്‍ മുന്നേറ്റം മറികടന്നു. പലപ്പോളും ഗോള്‍കീപ്പര്‍ നീരജായിരുന്നു ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ എതിരാളികളെ ഗോള്‍ നേടാന്‍ അനുവദിക്കാതിരുന്നതില്‍ ഗോള്‍കീപ്പര്‍ നീരജിനോടാണ് ഇന്ത്യ നന്ദി പറയേണ്ടത്.
രണ്ടാം പകുതിയിലും കൊറിയയുടെ ആക്രമണ ഫുട്ബോള്‍ തന്നെയായിരുന്നു ശ്രദ്ധേയം. തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയ അവര്‍ക്ക് പക്ഷേ നീരജിന് മുന്നില്‍ വീണ്ടും അടിതെറ്റിക്കൊണ്ടിരുന്നു. എന്നാല്‍ അറുപത്തിയെട്ടാം മിനുറ്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുതകര്‍ത്ത കൊറിയന്‍ ഗോള്‍ പിറന്നു. കൊറിയന്‍ താരം തൊടുത്ത ഷോട്ട് ആദ്യ ശ്രമത്തില്‍ നീരജ് രക്ഷപെടുത്തിയെങ്കിലും റീബൗണ്ടില്‍ നിന്ന് സാംഗ്ബിന് തൊടുത്ത ഷോട്ട് തടയാന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ക്ക് കഴിഞ്ഞില്ല. പന്ത് ഗോള്‍വലയിലെത്തി. മത്സരത്തില്‍ കൊറിയ ഒരു ഗോളിന് മുന്നില്‍.
ഗോള്‍ വഴങ്ങേണ്ടി വന്നതോടെ ഇന്ത്യ കുറച്ച് കൂടി ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും അവരുടെ ആക്രമണങ്ങള്‍ക്ക് കൂര്‍ച്ച കുറവായിരുന്നു. മത്സരത്തിന്റെ 89-ം മിനുറ്റില്‍ പെനാല്‍റ്റിക്ക് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി അത് നിരാകരിച്ചതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.