മലപ്പുറം: കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായുള്ള നവകേരള ഭാഗ്യക്കുറി വില്‍പ്പനയിലൂടെ കുടുംബശ്രീയുടെ മാതൃകാപരമായ പിന്തുണ വീണ്ടും. ജില്ലയില്‍ ഇതുവരെ 3120 നവകേരള ഭാഗ്യക്കുറി ടിക്കറ്റുകളാണ് കുടുംബശ്രീ അംഗങ്ങള്‍ വിറ്റഴിച്ചത്. ജില്ലയിലെ 110 സിഡിഎസുകളില്‍ 50 എണ്ണമാണ് നവകേരള ഭാഗ്യക്കുറിയുടെ കാഷ്വല്‍ ഏജന്‍സി എടുത്ത് വില്‍പ്പന തുടങ്ങിയത്.
പതിവ് സമ്മാനഘടനയില്നിന്ന് വ്യത്യസ്തമായി ഭാഗ്യപരീക്ഷണത്തിന് ഊന്നല്‍ നല്‍കാതെ നവകേരളസൃഷ്ടിക്കുള്ള നിക്ഷേപം എന്ന നിലയ്ക്ക് ആരംഭിച്ച ഭാഗ്യക്കുറിക്ക് ഒരുലക്ഷം രൂപയുടെ 90 ഒന്നാം സമ്മാനങ്ങളും 500 രൂപയുടെ 1,00,800 സമ്മാനങ്ങളുമാണുള്ളത്. 250 രൂപയാണ് ടിക്കറ്റിന്റെ വില.
ജില്ലയിലെ 110 സിഡിഎസുകളില്‍ 50 എണ്ണമാണ് നവകേരള ഭാഗ്യക്കുറിയുടെ കാഷ്വല്‍ ഏജന്‍സി എടുത്ത് വില്‍പ്പന തുടങ്ങിയത്. ഭാഗ്യക്കുറി വില്‍ക്കുന്നതിനുള്ള കുടുംബശ്രീ അംഗങ്ങളെ സിഡിഎസ് തലത്തിലാണ് കണ്ടെത്തുന്നത്. കാഷ്വല്‍ ഏജന്‍സി എടുക്കുന്നതിന് കുറഞ്ഞത് 10 ടിക്കറ്റുകള്‍ അടങ്ങുന്ന ബുക്ക് വാങ്ങുകയും 1943 രൂപ അടക്കുകയും വേണം. വില്ക്കാന് കഴിയാത്ത ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് തിരിച്ചെടുക്കില്ല.
വില്‍പ്പന നടത്തുന്നതിനായി തീരുമാനിച്ചിട്ടുള്ള കുടുംബശ്രീ അംഗങ്ങള്‍ സിഡിഎസിന്റെ കത്ത് സഹിതമാണ് ലോട്ടറി ഓഫീസറെ കാണേണ്ടത്. ആവശ്യമെങ്കില്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിന് ആവശ്യമായ തുക ആന്തരിക വായ്പാ മുഖേന ഇവര്‍ക്ക് ലഭിക്കും. ജില്ലാ ലോട്ടറി ഓഫീസ് മുഖാന്തരം 25,800 ടിക്കറ്റുകളാണ് ഇതുവരെ വില്‍പ്പന നടത്തിയത്. കാഷ്വല്‍ ഏജന്‍സികളിലൂടെ 690 ടിക്കറ്റുകളും വിറ്റു.