തിരുവനന്തപുരം: തനിക്കും മീശ എന്ന തന്റെ പുസ്തകത്തിനും എതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ കേരള സമൂഹംതനിക്ക് ഉറച്ച പിന്തുണ നല്‍കിയെന്ന് എഴുത്തുകാരന് എസ് ഹരീഷ് . ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സംഘപരിവാറാണെന്നും താനൊരു ജനാധിപത്യ വാദിയാണെന്നും പ്രമുഖ മാധ്യത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എസ് ഹരീഷിന്റെ വാക്കുകള്‍
ആ സമയത്ത് ഒരുപാട്പേര് ഫോണില്‍ തെറിവിളിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഫേസ്ബുക്ക് മെസഞ്ചറിലും വധഭീഷണി വന്നു. ഒരാള്‍ തന്റെ കൈവെട്ടണമെന്ന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. അതിന് താഴെ നാട്ടുകാരനായ, എനിക്ക് അറിയാവുന്നയാള്‍ വീടെവിടെയാണെന്ന് ലൊക്കേഷന്‍ സഹിതം നല്കി. ആരെങ്കിലും വന്ന് വെട്ടുന്നെങ്കില്‍ വെട്ടിക്കോട്ടെ എന്ന് വിചാരിച്ചാകും അങ്ങനെ ചെയ്തത്. എനിക്കറിയാവുന്നയാളാണ്. നല്ല മനുഷ്യന്. പക്ഷെ അന്നേരം വര്‍ഗീയ വികാരം കീഴടക്കിയതാകാം. കുറച്ചുകാലം കഴിയുമ്പോള്‍ ഇതൊക്കെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്’
ആ സമയത്ത് ഒരു പ്രതിഷേധക്കാരി ഫോണ്‍വിളിച്ചു. ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞു. അതിന് ഞാന്‍ നിങ്ങളെ അപമാനിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. പിന്നെയും ഹിന്ദു സ്ത്രീ, ഹിന്ദുസ്ത്രീ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതുവരെയും ഒരു ഹിന്ദു സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞു. അതെന്താ നിങ്ങള്‍ കേരളത്തിലല്ലേ ജീവിക്കുന്നതെന്നായി അപ്പോള്‍ അവരുടെ ചോദ്യം. രാവിലെ മാതൃഭൂമിയിലെയോ മനോരമയിലെയോ വിവാഹപംക്തി നോക്കുമ്പോള്‍ നായര്‍ സുന്ദരി, ഈഴവ സുന്ദരി, പുലയ സുന്ദരി എന്നേ കാണാറുള്ളൂ. ഹിന്ദു സുന്ദരി എന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ ഒരു തെറി പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
വിവാദത്തിന് ശേഷം നാട്ടുകാരില്‍ ചിലര്‍ ഇപ്പോഴും മുഖത്ത് നോക്കാറില്ല. അപൂര്‍വം ചിലരാണ് ഇങ്ങനെ പെരുമാറുന്നത്. നാട്ടുകാരില്‍ ഭൂരിപക്ഷവും തന്നെ പിന്തുണച്ചു. ഒരുപാട് സുഹൃത്തുക്കള്‍ ഒപ്പം നിന്നു. എഴുത്തുകാര്‍ കൂടെ നിന്നു. ഇതൊക്കെ അത്തരമൊരു അവസ്ഥയെ അതിജീവിക്കാന്‍ സഹായകമായെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
മീശ എന്ന എസ് ഹരീഷിന്റെ നോവലില്‍ ഹിന്ദു സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്നു കാട്ടിയുളള വിവാദങ്ങള്‍ക്ക് ശേഷം നോവലിനനുകൂലമായി സുപ്രീംകോടതി വിധി വന്നിരുന്നു.