തിരുവനന്തപുരം: പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ ഓടി നടന്ന് വിശ്രമമില്ലാതെ പണിയെടുത്ത ‘ആ ചുറുചുറുക്കുള്ള പയ്യന്’ കലക്ടറാണെന്ന് ജനം അറിഞ്ഞത് വളരെ വൈകിയാണ്. ദാദ്ര നഗര്‍ ഹവേലി കലക്ടറും കോട്ടയം പുതുപ്പള്ളി സ്വദേശിയുമായ കണ്ണന് ഗോപിനാഥനാണ് അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. കേരളത്തിലെ ഒട്ടുമിക്ക ക്യാംപുകളില്‍ സമയാ സമയങ്ങളില്‍ എത്തി ഭക്ഷണം റെഡിയാക്കാനും, വേണ്ട സാധനങ്ങള്‍ യഥാക്രമം എത്തിച്ചു നല്കിയ കണ്ണനെ ഏറെ പ്രിയമായിരുന്നു ക്യാംപിലെ സഹവാസികള്‍ക്ക്.
ദുരന്തമുഖത്തു നിന്നും കേരളം കരകയറിയതിനു ശേഷമാണ് കണ്ണന് സംസ്ഥാനത്തു നിന്നും മടങ്ങിയത്. ശേഷം എറണാകുളത്തെ കെബിപിഎസ് പ്രസിലെ കലക്ഷന്‍ സെന്ററില്‍ കലക്ടര്‍ വൈ സഫിറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണു ‘ആ പയ്യന്’ കലക്ടറായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞത്. 26നാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷന്‍ സെന്ററില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കയറി പത്തനംതിട്ടയിലേക്ക് തിരിച്ചത്. അവിടെ കലക്ഷന്‍ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോഓര്‍ഡിനേറ്റര്‍ക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കള്‍ക്കൊപ്പം ആവേശത്തോടെ കണ്ണനും കൂടി.
ഓരോ ദിവസവും ഓരോ ക്യാംപില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിയെടുത്തു. രാത്രി ലോഡ്ജുകശിലും മറ്റുമായി കഴിച്ചുകൂട്ടി. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു ദാദ്ര നഗര്‍ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമില്‍ കലക്ടറായിരുന്നപ്പോള്‍ വിദ്യാഭ്യാസരംഗത്ത് കണ്ണന് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു.