ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് തിരിച്ചടി. ജലനിരപ്പ് 142 അടിയില്‍ നിന്ന് 139 അടിയായി താഴ്ത്തണമെന്ന് സുപ്രീം കോടതി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും സഹകരിച്ച് മുന്നോട്ട് പോകണമെന്നും അറിയിച്ചിട്ടുണ്ട്. ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചു.
കേരളത്തിന്റെ പ്രളയത്തിലെ കാരണങ്ങള്‍ വിശദീകരിച്ച് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കാത്തത് ആണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്നായിരുന്നു അറിയിച്ചിരുന്നത്.
തമിഴ്നാട് കടുംപിടിത്തം തുടര്‍ന്നതിനാല്‍ പതിമൂന്ന് ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് കാരണമായത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഘട്ടങ്ങളില്‍ ജലനിരപ്പ് കുറയ്ക്കാന്‍ സൂപ്പര്‍വൈസറി, മാനേജ്മെന്റ് കമ്മിറ്റികള്‍ വേണം ആവശ്യവും സംസ്ഥാനം മുന്നോട്ട് വച്ചിരുന്നു. ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രീം കോടതി നിയമിച്ച കേന്ദ്രസമിതിയും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.തുടര്‍ന്ന് ഇന്ന് ഹര്‍ജി പരിഗണിക്കവെയാണ് കോടതി കേരളത്തിന് അനുകൂല വിധി നല്‍കിയത്.